
മോഹൻലാൽ - പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ തുടർ ചിത്രീകരണം ജനുവരി 10ന് യു.കെയിൽ ആരംഭിക്കും. ജനുവരി 8ന് പൃഥ്വിരാജും സംഘവും പുറപ്പെടും. ഈ ഷെഡ്യൂളിൽ 10ന് ജോയിൻ ചെയ്യാനാണ് മോഹൻലാലിന്റെ തീരുമാനം. 20 ദിവസത്തെ ചിത്രീകരണമാണ് യു.കെയിൽ പ്ളാൻ ചെയ്യുന്നത്. അടുത്ത ഷെഡ്യൂൾ ചെന്നൈയിൽ ആണ്. ചെന്നൈയിൽ സെറ്റ് വർക്ക് ജോലികൾ പൂർത്തിയാകേണ്ടതുണ്ട്. സെറ്റു വർക്കു ജോലികൾ പൂർത്തിയായില്ലെങ്കിൽ യു.കെ ഷെഡ്യൂളിനു ശേഷം പൃഥ്വിരാജ് വിലായത്ത് ബുദ്ധയിൽ ജോയിൻ ചെയ്യും.അതേസമയം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ഗുരുവായൂരമ്പലനടയിൽ എന്ന ചിത്രത്തിലെ തന്റെ രംഗങ്ങൾ പൃഥ്വിരാജ് പൂർത്തിയാക്കി. വിലയത്ത് ബുദ്ധ കൂടി പൂർത്തിയാക്കിയ ശേഷം എമ്പുരാന്റെ ജോലികളിൽ പൂർണമായും മുഴുകാനാണ് പൃഥ്വിരാജിന്റെ തീരുമാനം. എമ്പുരാൻ പൂർത്തിയാവാൻ ഒരു വർഷം വേണ്ടിവരും. ഇതിനുശേഷമേ പൃഥ്വിരാജ് പുതിയ ചിത്രങ്ങൾ കമ്മിറ്റ് ചെയ്യൂ. ഖാലിദ് റഹ്മാൻ, നിർമ്മൽ സഹദേവ് എന്നിവരുടെ ചിത്രങ്ങൾ കമ്മിറ്റ് ചെയ്തിട്ടുണ്ട്. ആടുജീവിതം ആണ് റിലീസിന് ഒരുങ്ങുന്ന പൃഥ്വിരാജ് ചിത്രം. പൃഥ്വിരാജിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നായി നജീബ് മാറുമെന്ന് ഉറപ്പാണ്. പൃഥ്വിരാജിന്റെയും ബ്ളസിയുടെയും സ്വപ്ന സിനിമ കൂടിയാണ് ആടുജീവിതം.