
നീണ്ട 21 വർഷത്തെ ഇടവേളയ്ക്കുശേഷം വിജയ്‌യുടെ നായികയായി സ്നേഹ എത്തുന്നു. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ട് എന്ന ചിത്രത്തിലൂടെയാണ് സ്നേഹ വിജയ് ചിത്രത്തിന്റെ ഭാഗമാവുന്നത്. 2003 ൽ പുറത്തിറങ്ങിയ വസീഗരയിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. ഗോട്ടിൽ വേഷം ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് സ്നേഹ പറഞ്ഞു.
വിജയ് ചിത്രം വാരിസിൽ താരത്തിന്റെ സഹോദരിയുടെ വേഷത്തിലേക്ക് സ്നേഹയെ പരിഗണിച്ചിരുന്നു. എന്നാൽ സ്നേഹ അത് നിരസിച്ചിരുന്നു. അതേസമയം ഗോട്ടിന്റെ അടുത്ത ഷെഡ്യൂൾ ശ്രീലങ്കയിൽ ഉടൻ ആരംഭിക്കും. മീനാക്ഷി ചൗധരി ആണ് മറ്റൊരു നായിക. പ്രശാന്ത്, പ്രഭുദേവ, മോഹൻ, ജയറാം, അജ്മൽ അമീർ, യോഗി ബാബു, പാർവതി നായർ എന്നിവരാണ് മറ്റ് താരങ്ങൾ. ചിത്രത്തിൽ വിജയ് ഇരട്ട വേഷത്തിലാണ് എത്തുന്നത്.