
തിരുവനന്തപുരം: അനധികൃത കെട്ടിടങ്ങളുടെ ലിസ്റ്റിലുള്ള കെട്ടിടങ്ങൾക്കും നഗരസഭ റവന്യു വിഭാഗം കെട്ടിട നമ്പർ നൽകുന്നുവെന്ന് കണ്ടെത്തൽ. ലോക്കൽ ഫണ്ട് ഓഡിറ്റിലാണ് ഇത് കണ്ടെത്തിയത്. ഉപയോഗക്രമം മാറുന്ന കെട്ടിടങ്ങൾക്ക് എൻജിനിയറിംഗ് വിഭാഗത്തിന്റെ പരിശോധനയില്ലാതെ റവന്യു വിഭാഗത്തിൽ നിന്നും ഇളവ് നൽകുന്നുണ്ട്. ഇത് ഭരണസമിതിയുടെ അറിവോടെയാണ് നൽകുന്നതെന്നാണ് ചോദ്യംചെയ്യലിൽ ചൂണ്ടിക്കാട്ടുന്നത്. നഗരസഭയിൽ വകുപ്പുകൾ തമ്മിൽ ഏകോപനമില്ലെന്നും അതുവഴി നിരവധി ക്രമക്കേടുകളാണ് നടക്കുന്നതെന്നുമാണ് ഓഡിറ്റ് വകുപ്പിന്റെ കണ്ടെത്തൽ. അക്കൗണ്ട്സ്, റവന്യു, ഹെൽത്ത് എൻജിനിയറിംഗ് വിഭാഗങ്ങൾ തമ്മിലാണ് ഏകോപനമില്ലാത്തതെന്ന് കണ്ടെത്തിയിരുന്നു.
മാലിന്യ സംസ്കരണത്തിൽ കൂപ്പുകുത്തി
നഗരസഭയുടെ ഉറവിട മാലിന്യ സംസ്കരണം നിലനിറുത്തുന്നതിൽ വൻ വീഴ്ചയുണ്ടായെന്നും ഓഡിറ്റ് വകുപ്പ് കണ്ടെത്തി. സർക്കാരിന്റെ തന്നെ ഒരു ഏജൻസി മാലിന്യം സംസ്കരണത്തിൽ ആക്ഷേപം ഉന്നയിക്കുന്നത് ഗുരുത വീഴ്ചയായി ചൂണ്ടിക്കാട്ടുന്നു. ഓഡിറ്റ് വകുപ്പിനെ കൂടാതെ ശുചിത്വ മിഷൻ തന്നെ നഗരത്തിൽ മാലിന്യം കുന്നുകൂടുന്നുവെന്ന് ഫോട്ടോയുൾപ്പെടെ കാണിച്ച് വിമർശനം ഉന്നയിച്ചിരുന്നു.
മാലിന്യക്കൂനകൾ ഇവിടെ
പ്ലാമൂട്, പനമുക്ക് റോഡ്, പ്ലാമൂട് പി.എം.ജി, വഞ്ചിയൂർ കോടതിക്കു സമീപം, പുത്തരിക്കണ്ടം മൈതാനം, ജഗതി മൈതാനം, തമ്പാനൂർ ബസ് സ്റ്റാൻഡ് പരിസരം, ഒരുവാതിൽകോട്ട, ഉള്ളൂർ, മെഡിക്കൽ കോളേജ്, മുട്ടത്തറ, പാളയം, നഗരസഭയുടെ പിറകുവശം, പി.ടി.പി നഗർ, മേയറുടെ വാർഡായ മുടവൻമുഗൾ
 വിതരണം ചെയ്തത്........... 35000 കിച്ചൺ ബിന്നുകൾ
 ചെലവായത്......... 9 കോടി
 നിലവിൽ പ്രവർത്തിക്കുന്നത്............. 1000ൽ താഴെ
നടപ്പാകാതെ പദ്ധതി
അറവ് മാലിന്യങ്ങൾ ഉൾപ്പെടെ കവറുകളിലാക്കിയാണ് ഈ സ്ഥലങ്ങളിൽ നിക്ഷേപിക്കുന്നത്. പല കൗൺസിലർമാരുടേയും ഉദ്യോഗസ്ഥരുടേയും വീടുകളിൽ സ്ഥാപിച്ചിരിക്കുന്ന കിച്ചൺ ബിന്നുകളും പ്രവർത്തനരഹിതമാണ്. ഏജൻസികൾ പലരും മാലിന്യം എടുക്കാതായി. നഗരത്തിൽ മാലിന്യ ശേഖരണത്തിനായി വരുന്ന സ്വകാര്യ ഏജൻസികൾക്കാണ് ഇപ്പോൾ ഭൂരിഭാഗം വീട്ടുകാരും മാലിന്യം നൽകുന്നത്. പ്ളാസ്റ്റിക്ക് പോലുള്ള ഡ്രൈ മാലിന്യം ഹരിതകർമ്മസേനയും ശേഖരിക്കും.
എല്ലാ വാർഡുകളിലും 500 കിച്ചൺ ബിന്നുകൾ സ്ഥാപിക്കുമെന്ന് മേയർ പ്രഖ്യാപിച്ചിട്ട് മാസങ്ങളായി. എല്ലാ ആഴ്ചയും കോർപ്പറേഷൻതല ശുചിത്വ പരിപാലന സമിതി കൂടാനും നിലവിൽ പ്രവർത്തിക്കാത്ത എയ്റോബിക് ബിന്നുകൾ പ്രവർത്തനക്ഷമമാക്കാനും അന്ന് തീരുമാനിച്ചിരുന്നെങ്കിലും അതും നടപ്പായില്ല.