crore

ചണ്ഡിഗർ: ഹരിയാനയിൽ കോൺഗ്രസ് എം.എൽ.എ സുരേന്ദർ പർവാർ, ഇന്ത്യൻ നാഷനൽ ലോക്ദൾ (ഐ.എൻ.എൽ.ഡി) മുൻ എം.എൽ.എ ദിൽബാഗ് സിംഗ് എന്നിവരുടെ വീടുകളിലും ഓഫീസുകളിലും നടന്ന ഇ.ഡി പരിശോധനയിൽ 100 കുപ്പി മദ്യം, അഞ്ച് കോടി രൂപ, നാല് മുതൽ അഞ്ച് കിലോ വരെയുള്ള മൂന്ന് സ്വർണ ബിസ്‌കറ്റുകൾ, വിദേശ നിർമ്മിത തോക്കുകൾ, 300 ബുള്ളറ്റുകൾ എന്നിവ പിടിച്ചെടുത്തു. ഖനി വ്യവസായികൾ കൂടിയായ ഇവരുടെ വസതികളിൽ നിയമവിരുദ്ധ ഖനനവുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. ഇരുവരും ചേർന്ന് നികുതി വെട്ടിപ്പ് നടത്തിയെന്നാണ് പരാതി. 2013ൽ ഇവർക്കെതിരെ കള്ളപ്പണ ഇടപാടിനും കേസെടുത്തിരുന്നു. യമുന നഗർ, സോണിപത്ത്, മൊഹാലി, ഫരീദാബാദ്, ഛണ്ഡീഗഢ്, കർണാൽ തുടങ്ങി ഇവരുമായി ബന്ധപ്പെട്ട 20ലധികം കേന്ദ്രങ്ങളിലാണ് വ്യാഴാഴ്ച ഇ.ഡി റെയ്ഡ് നടന്നത്. കുടുംബാംഗങ്ങളുടെ ഫോണുകൾ ഇ.ഡി പിടിച്ചെടുത്തു. സോനിപത്ത് എം.എൽ.എയാണ് സുരേന്ദർ പർവാർ. യമുനാനഗർ മുൻ എം.എൽ.എ ആണ് ദിൽബാഗ് സിംഗ്. ദേശീയ ഹരിത ട്രൈബ്യൂണൽ ഖനനം നിരോധിച്ച ശേഷവും യമുനാനഗറിലും പരിസര ജില്ലകളിലും ഖനനം നടത്തിയെന്നാരോപിച്ച് ഒന്നിലധികം കേസുകൾ ഇവർക്കെതിരെയുണ്ട്.