
തിരുവനന്തപുരം: അഴിമതിയുടെ കറപുരളാത്ത കൈകളാണ് മുഖ്യമന്ത്രി പിണറായി വിജയന്റേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുഖ്യമന്ത്രി സൂര്യനെപ്പോലെയാണ്. അടുത്തുപോയാൽ കരിഞ്ഞുപോകുമെന്നും എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
'പരിശുദ്ധമായ ഒരു രാഷ്ട്രീയത്തിന്റെ, കറപുരളാത്ത ഒരു കൈയുടെ ഉടമയാണ് കേരളത്തിന്റെ മുഖ്യമന്ത്രി. അതുകൊണ്ടാണ് നിങ്ങൾക്ക് എത്താനാകാത്തത്. നിങ്ങൾക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ല. ബിജെപിയും യുഡിഎഫും ആഗ്രഹിക്കാഞ്ഞിട്ടല്ല. പക്ഷേ ആഗ്രഹിച്ചാലും എത്താനാകാത്ത ദൂരത്താണ് അദ്ദേഹം. സൂര്യനെപ്പോലെ, അതാണ് കാര്യം. കരിഞ്ഞുപോകും.
സ്വർണക്കടത്ത് വിമാനത്താവളം കേന്ദ്രീകരിച്ചാണ് നടക്കുന്നത്. അത് കൈകാര്യം ചെയ്യേണ്ടത് സംസ്ഥാനമല്ല. പൂർണമായും കേന്ദ്ര ഏജൻസികളാണ്. വിമാനത്താവളം അവരുടെ നിയന്ത്രണത്തിലാണ്. കേരള പൊലീസല്ല പ്രതികളെ പിടിക്കേണ്ടത്. സ്വർണക്കടത്തിന്റെ ഉത്തരവാദിത്തം പൂർണമായും കേന്ദ്രത്തിനാണ്. മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമത്തിന് അടിസ്ഥാനമില്ല.
രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് സിപിഎം പറഞ്ഞിട്ടുണ്ട്. എന്നാൽ കോൺഗ്രസ് നിലപാട് പറഞ്ഞിട്ടില്ല. വർഗീയ നിലപാടിൽ നിന്ന് മാറാൻ കോൺഗ്രസ് തയ്യാറല്ല. രാമക്ഷേത്ര നിർമാണത്തെ രാഷ്ട്രീയ ആയുധമാക്കാനുള്ള ബിജെപി ശ്രമം കോൺഗ്രസ് തിരിച്ചറിയണം.
രാജ്യത്ത് സ്ത്രീകൾക്കെതിരെ കടന്നാക്രമണം നടക്കുമ്പോഴാണ് പ്രധാനമന്ത്രി കേരളത്തിൽവന്ന് സ്ത്രീസുരക്ഷയെക്കുറിച്ച് പറയുന്നത്. തൃശൂർ ലോക്‌സഭാ സീറ്റ് ബിജെപി തൊടാൻ പോകുന്നില്ല. കേരളത്തിൽ സീറ്റ് നേടുമെന്ന് എത്രയോ കൊല്ലമായി ബിജെപി പറയുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മുപ്പതിൽ അധികം സീറ്റ് നേടുമെന്നാണ് പറഞ്ഞത്. കേരളത്തിൽ നിന്ന് പാർലമെന്റിലേയ്ക്ക് ഒരു സീറ്റും ബിജെപി നേടാൻ പോകുന്നില്ല. വർഗീയ ധ്രുവീകരണമാണ് ബിജെപി ലക്ഷ്യമിടുന്നത്'- എം വി ഗോവിന്ദൻ ആരോപിച്ചു.