കോഴിക്കോട്: തടമ്പാട്ടുതാഴത്ത് സുഹൃത്തിനെ കെട്ടിടത്തിന്റെ ടെറസിൽ നിന്നും തള്ളിയിട്ടു കൊന്ന സംഭവത്തിൽ യുവാവ് പിടിയിൽ. വേങ്ങേരി കല്ലുട്ടിവയൽ അബ്ദുൽ മജീദ് (60) കൊല്ലപ്പെട്ട സംഭവത്തിലാണ് സുഹൃത്തായ വേങ്ങേരി വഴിപോക്ക് നിലം വീട്ടിൽ അരുൺ (ലാലു) വിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പുതുവത്സര തലേന്നായിരുന്നു സംഭവം. പരിക്കേറ്റ് ചികിത്സയിലായിരുന്ന തടമ്പാട്ടുതാഴം സ്വദേശി അബ്ദുൽ മജീദ് ഇന്നലെയാണ് മരിച്ചത്. ടെറസിൽ നിന്നും വീണെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ മദ്യലഹരിയിൽ സുഹൃത്ത് തള്ളിയിട്ടതാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. മദ്യം വാങ്ങിയ പണം പങ്കിടുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് ടെറസിൽ നിന്ന് തള്ളിയിട്ടതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
തടമ്പാട്ടു താഴം ജങ്ഷനിലെ ആളൊഴിഞ്ഞ ഒറ്റ നില വീടിന്റെ ടെറസിലാണ് അബ്ദുൾ മജീദും അരുണും അടക്കം ആറ് പേർ മദ്യപിക്കാനെത്തിയത്. ഇവിടെ വച്ചായിരുന്നു തർക്കം. അരുണാണ് അബ്ദുൾ മജീദിനെ ടെറസിൽ നിന്ന് താഴേക്ക് തള്ളിയിട്ടതെന്ന് പൊലീസ് പറയുന്നു. താഴെ വീണ അബ്ദുൾ മജീദിന്റെ ശരീരത്തിന് പുറത്തേക്ക് കാര്യമായ പരിക്കുകൾ ഉണ്ടായിരുന്നില്ല. തൊട്ടടുത്ത ദിവസം രാവിലെ അബ്ദുൾ മജീദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് അബ്ദുൽ മജീദിന്റേത് വീണു മരണമല്ല അസ്വാഭാവികതയുണ്ടെന്ന് തെളിഞ്ഞത്. അബദ്ധത്തിൽ വീണു മരിച്ചതാണെന്നാണ് ഒപ്പമുണ്ടായിരുന്ന മറ്റ് നാല് സുഹൃത്തുക്കളും ആദ്യം മൊഴി നൽകിയത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിനെ തുടർന്ന് പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകം തെളിഞ്ഞത്. കൊലപാതകത്തിൽ അരുണിന് മാത്രമാണ് പങ്കെന്നാണ് നിലവിൽ വിവരം. മറ്റുള്ളവരെ കേന്ദ്രീകരിച്ചും പൊലീസ് പരിശോധന നടക്കുന്നുണ്ട്. ചേവായൂർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.