pic

ന്യൂയോർക്ക്: ഓജോ ബോർഡ്... ആത്മാക്കളെ വിളിച്ച് വരുത്തുന്ന ഈ മാന്ത്രിക ബോർഡിനെ പ​റ്റി നാം സിനിമകളിലൂടെയും കഥകളിലൂടെയും ധാരാളം കേട്ടിരിക്കുന്നു. ഓജോ ബോർഡിന്റെ പിന്നിലെ രഹസ്യം ഇന്നും ഒരു തർക്ക വിഷയമാണ്. ഓജോ ബോർഡുമായി ബന്ധപ്പെട്ട ഭയപ്പെടുത്തുന്ന നിരവധി കഥകൾ പ്രചാരത്തിലുണ്ട്. ഇക്കൂട്ടത്തിൽ വളരെ കൗതുകകരമായ ഒന്നാണ് ' ജാപ് ഹെറോൺ ' എന്ന നോവലിന്റെ കഥ.

ഓജോ ബോർഡെന്ന മാദ്ധ്യമം വഴി മരിച്ചുപോയ ഒരാൾ രചിച്ച നോവലാണത്രേ ഇത്. ! മരണമടഞ്ഞ ആ വ്യക്തിയാകട്ടെ, ലോകപ്രശസ്ത അമേരിക്കൻ സാഹിത്യകാരനായ മാർക്ക് ട്വെയിനും.! 1917ൽ എമിലി ഗ്രാന്റ് ഹച്ചിംഗ്‌സ് എന്ന അമേരിക്കക്കാരിയാണ് ' ജാപ് ഹെറോൺ : എ നോവൽ റിട്ടൺ ഫ്രം ദ ഓജോ ബോർഡ് " എന്ന നോവൽ രചിച്ച് പുറത്തിറക്കിയത്. 245 പേജുകളുള്ള ആ ഇംഗ്ലീഷ് നോവൽ പുറത്തിറങ്ങിയതിന് പിന്നാലെ എമിലി തന്നെയാണ് വിചിത്രവാദം മുന്നോട്ടുവച്ചത്.

യഥാർത്ഥത്തിൽ താനല്ല, മറിച്ച് മരണമടഞ്ഞ മാർക്ക് ട്വെയിൻ ആണ് ഈ നോവലിന്റെ യഥാർത്ഥ രചയിതാവെന്ന് എമിലി പറഞ്ഞു. നോവലിന്റെ പേരിൽ തന്നെ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. 1910ലാണ് മാർക്ക് ട്വെയിൻ അന്തരിച്ചത്. മരണശേഷം എമിലി അദ്ദേഹവുമായി ഓജോ ബോർഡ് വഴി സംസാരിച്ചാണത്രെ നോവൽ എഴുതിയത്. ട്വെയിനിന്റെ കല്ലറയ്‌ക്ക് അടുത്തുനിന്നാണ് ഓജോ ബോർഡ് പരീക്ഷണം നടത്തിയതെന്നും ലോല വൈ. ഹെ‌യ്‌സ് എന്ന സ്ത്രീ തനിക്കൊപ്പം സഹായത്തിനുണ്ടായിരുന്നെന്നും എമിലി വാദിച്ചു.

15 വർഷങ്ങൾക്ക് മുമ്പ് കത്തിലൂടെ നടത്തിയ ആശയവിനിമയങ്ങളിലൂടെ ഓജോ ബോർഡ് വഴി പുസ്‌തകം എങ്ങനെ രചിക്കണമെന്നുൾപ്പെടെയുള്ള കാര്യങ്ങൾ മാർക്ക് ട്വെയിൻ തനിക്ക് പറഞ്ഞു നൽകിയെന്നും എമിലി പറഞ്ഞു. തന്റെ എഴുത്തിനെ സംബന്ധിച്ച ഉപദേശങ്ങളും നിർദ്ദേശങ്ങളും ട്വെയിൻ കത്തുകളിലൂടെ കൈമാറിയിരുന്നുവെന്നും എമിലി അവകാശപ്പെട്ടു. എമിലിയുടെ വാദങ്ങൾ അവിശ്വസനീയമാണെങ്കിലും നോവൽ ചർച്ചയായി. ജാപ് ഹെറോണിന്റെ കോപ്പികൾ വൻതോതിൽ വിറ്റഴിഞ്ഞു.

നോവലിന്റെ കോപ്പികൾ വിറ്റുപോകാനും പ്രശസ്തയാകാനും എമിലി പ്രയോഗിച്ച തന്ത്രമായിട്ടാണ് ഓജോ ബോർഡ് കഥകൾ വിലയിരുത്തപ്പെട്ടത്. അധികം വൈകാതെ എമിലി ക്കെതിരെ മാർക്ക് ട്വെയിനിന്റെ മകൾ ക്ലാര രംഗത്തെത്തി. എമിലിക്കെതിരെ ക്ലാര കേസ് നൽകി. പുസ്‌തകം എഴുതിയത് ഓജോ ബോർഡ് വഴി മാർക്ക് ട്വെയിനിന്റെ ആത്മാവിന്റെ നിർദ്ദേശപ്രകാരമാണെന്ന് നിയമത്തിന് മുന്നിൽ തെളിയിക്കാൻ എമിലിക്ക് കഴിഞ്ഞില്ല.

എന്നാൽ തന്റെ വാദങ്ങൾ പിൻവലിച്ചതുമില്ല. പക്ഷേ, ഒടുവിൽ നോവലിന്റെ പ്രസിദ്ധീകരണം നിറുത്താൻ എമിലി തീരുമാനിച്ചു. ഇതോടെ, നോവലിന്റെ പേരിൽ ക്ലാര നടത്തിയ നിയമനടപടികളും അവസാനിപ്പിച്ചു.