
ശ്രീനഗർ: ജമ്മു കാശ്‌മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ലഷ്‌കറെ ത്വയ്ബ ഭീകരനെ വധിച്ചു.
നിരവധി ഭീകരപ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്ന ബിലാൽ അഹമ്മദ് ഭട്ടിനെയാണ് വധിച്ചത്. സൈനിക ഉദ്യോഗസ്ഥനായ ഉമർ ഫയാസിനെയും കാശ്മീരി പണ്ഡിറ്റിനെ കൊലപ്പെടുത്തിയതുൾപ്പെടെ നിരവധി ഭീകരാക്രമണങ്ങളിൽ ഇയാൾക്ക് പങ്കുണ്ട്.
തെക്കൻ കാശ്‌മീരിൽ ചോട്ടിഗാം ഗ്രാമത്തിൽ ഭീകരനുണ്ടെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ നടത്തിയ തെരച്ചിലിനിടെ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു. സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിവയ്ക്കുകയും സേന തിരിച്ചടിക്കുകയുമായിരുന്നു. ഭീകരപ്രവർത്തനങ്ങൾക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്നു. ഏറ്റുമുട്ടലുണ്ടായ പ്രദേശത്ത് നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും മാഗസിനുകളും ഉൾപ്പെടെ കണ്ടെടുത്തു. കൂടുതൽ സേനയെ പ്രദേശത്ത് വിന്യസിച്ചു. കഴിഞ്ഞ ദിവസം കുൽഗാം ജില്ലയിലും ഏറ്റുമുട്ടൽ നടന്നിരുന്നു.