ship-hijack

15 ഇന്ത്യക്കാരുൾപ്പെടെ 21 ജീവനക്കാരെ ഒഴിപ്പിച്ചു

ന്യൂഡൽഹി:അറബിക്കടലിൽ സൊമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചാൻ ശ്രമിച്ച ലൈബീരിയൻ ചരക്കു കപ്പലിനെയും ജീവനക്കാരെയും ഇന്ത്യൻ നാവിക സേന മോചിപ്പിച്ചു. സായുധരായ ആറ് കൊള്ളക്കാർ പേടിച്ച് കപ്പലുപേക്ഷിച്ച് പലായനം ചെയ്‌തു. മറൈൻ കമാൻഡോകൾ കപ്പലിൽ ഇറങ്ങി 15 ഇന്ത്യാക്കാരുൾപ്പെടെ 21 ജീവനക്കാരെയും സുരക്ഷിതരായി ഒഴിപ്പിച്ചെന്നറിയുന്നു.

ഇന്ത്യൻ നേവിയുടെ യുദ്ധക്കപ്പൽ ഐ.എൻ.എസ് ചെന്നെെയുടെ നേതൃത്വത്തി​ലായി​രുന്നു ഓപ്പറേഷൻ. നേവിയുടെ നി​രീക്ഷണ വി​മാനങ്ങളും ഹെലി​കോപ്ടറുകളും സായുധ പ്രി​ഡേറ്റർ ഡ്രോണുകളും ദൗത്യത്തി​ന്റെ ഭാഗമായി​.

വ്യാഴാഴ്ച വൈകിട്ടാണ് 'എം.വി ലില നോർഫോക്ക്' എന്ന കപ്പലിൽ കടൽക്കൊള്ളക്കാർ കയറിയത്. അപായ സന്ദേശം കിട്ടിയ ഇന്ത്യൻ നേവി ഉടൻ ഐ.എൻ.എസ് ചെന്നൈയെ രക്ഷാ ദൗത്യത്തിന് നിയോഗിച്ചു. ഇന്നലെ രാവിലെ തന്നെ നേവി വിമാനം കപ്പലിന് മീതേ പറന്ന് ജീവനക്കാരുമായി ആശയവിനിമയം സ്ഥാപിച്ച് അവർ സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തി. കൊള്ളക്കാർ‌ കയറിയതോടെ ജീവനക്കാർ അടി​യന്തര ഘട്ടങ്ങളി​ൽ ഉപയോഗി​ക്കുന്ന ആശയവിനിമയ സൗകര്യമുള്ള സ്ട്രോംഗ് റൂമിൽ അഭയം തേടിയിരുന്നു.

ഇന്നലെ 3.15ന് ഐ.എൻ.എസ് ചെന്നൈ ലൈബീരിയൻ കപ്പലിനെ തടഞ്ഞു. കടൽക്കൊള്ളക്കാരോട് കപ്പൽ വിടാൻ നാവികസേന അന്ത്യശാസനം നൽകി. അതോടെ അവർ രക്ഷപ്പെട്ടെന്നാണ് റിപ്പോർട്ട്. ഐ. എൻ. എസ് ചെന്നൈയിൽ നിന്ന് പറന്നുയർന്ന ഹെലികോപ്ടറുകളിൽ മറൈൻ കമാൻഡോകൾ ( മാർകോസ് ) കപ്പലിൽ ഇറങ്ങിയതായി നേവി അറിയിച്ചിരുന്നു.

ബ്രസീലിൽ നിന്ന് ബഹ്റൈനിലേക്ക് പോവുകയായിരുന്നു കപ്പൽ. സൊമാലിയൻ തുറമുഖ നഗരമായ എയ്ൽ നഗരത്തിന് 460 നോട്ടിക്കൽ മൈൽ കിഴക്കാണ് കൊള്ളക്കാർ കയറിയത്.

സായുധരായ ആറ് പേർ അകത്തു കയറിയതായി ജീവനക്കാർ വ്യാഴാഴ്ച വൈകിട്ട് യു.കെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് പോർട്ടലിലേക്ക് സന്ദേശം അയച്ചിരുന്നു.

ഉടൻ പ്രതികരിച്ച ഇന്ത്യൻ നേവി, കടൽക്കൊള്ള തടയാൻ പട്രോളിംഗിലായിരുന്ന ഐ.എൻ.എസ് ചെന്നൈയെ തിരിച്ചു വിടുകയായിരുന്നു. നേവി വിമാനവും കോപ്റ്ററുകളും കപ്പലിനെ നിരന്തരം നിരീക്ഷിച്ചു. വിമാനം കപ്പലിന് മീതെ പറന്ന് സാഹചര്യം വിലയിരുത്തിക്കൊണ്ടിരുന്നു. തുടർന്നാണ് അന്തിമ ഓപ്പറേഷന് കമാൻഡോകൾ കപ്പലിൽ ഇറങ്ങിയത്.

ചരക്കു കപ്പലുകൾക്ക് കൊള്ളക്കാരുടയും ഹൂതി വിമതരുടെയും ഭീഷണി വർദ്ധിച്ചതോടെ അറബിക്കടലിൽ ഇന്ത്യൻ നേവി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഡിസംബറിൽ സൊമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയ എം. വി. റ്യൂവൻ കപ്പലിനെ രക്ഷിക്കാനും ഇന്ത്യൻ യുദ്ധക്കപ്പലും വിമാനവും എത്തിയിരുന്നു.