arrested-

തിരുവനന്തപുരം: മദ്യപാനത്തിനിടെ കൂലി വീതം വയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ സുഹൃത്തിനെ വെട്ടിക്കൊന്നു. മുട്ടത്തറ നീലാറ്റിൻകര ആര്യൻ കുഴിക്ഷേത്രത്തിന് സമീപം ടി.സി 43/615 സരസാലയം വീട്ടിൽ സുജിത് കുമാറാണ് (46) സുഹൃത്തിന്റെ വെട്ടേറ്റ് മരിച്ചത്.സംഭവത്തിൽ ആര്യൻകുഴി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ജയനെ (ഡ്യൂപ്പ് ജയൻ, 44) പൂന്തുറ പൊലീസ് കസ്റ്റഡിയിലെടുത്തു.ബുധനാഴ്‌ച രാത്രിയിൽ ജയൻ താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം.സമീപത്ത് താമസിച്ചിരുന്ന വാടക്കാർ വീട് ഒഴിഞ്ഞ്‌ പോകുന്നതിനാൽ വീട്ടിലെ സാധനങ്ങൾ മാറ്റാൻ ജയനെ ഏല്പിച്ചിരുന്നു.ജയൻ സഹായത്തിനായി സുജിത് കുമാറിനെയും കൂട്ടി.സാധനങ്ങൾ മാറ്റിയതിന്റെ കൂലി വീട്ടുകാർ ജയനെ ഏൽപ്പിച്ചു.ഇതിന് പുറമേ ഇവരുടെ വീട്ടിലുണ്ടായിരുന്ന ഒരു മേശ ജയന് നൽകി. ഈ മേശ ജയനും സുജിത്തും ചേർന്ന് ആക്രിക്കടയിൽ വിറ്റ ശേഷം മദ്യം വാങ്ങി ജയന്റെ വീട്ടിലെത്തി.

മദ്യപിക്കുന്നതിനിടെ സാധനങ്ങൾ മാറ്റിയതിന് കിട്ടിയ കൂലിയിൽ നിന്ന് സുജിത് വിഹിതം ചോദിച്ചതോടെ ജയൻ പ്രകോപിതനായി.തെറിവിളിയും ആക്രോശവുമായി. വീട്ടിലുണ്ടായിരുന്ന വെട്ടുകത്തിയെടുത്ത് സുജിത്തിനെ വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മരണം ഉറപ്പ് വരുത്തിയശേഷം സമീപത്ത് താമസിക്കുന്ന സഹോദരിയോട് സുഹൃത്തിനെ കൊലപ്പെടുത്തിയ കാര്യം പറഞ്ഞു.ഇതോടെ ഇവർ പൂന്തുറ പൊലീസിനെ വിവരം അറിയിച്ചു.

രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. തുടർന്ന് രാവിലെ പൊലീസ് എത്തി ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി. ജയന്റെ പേരിൽ പൂന്തുറ സ്റ്റേഷനിൽ അമ്മയെ ഉലക്കകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത് ഉൾപ്പെടെ നിരവധി കേസുകളുണ്ട്.