
തിരുവനന്തപുരം: കെ എസ് യു നേതാവിനെതിരായ വ്യാജ സർട്ടിഫിക്കറ്റ് ആരോപണത്തിൽ പൊലീസിന്റെ ക്ലീൻ ചിറ്റ്. കെ എസ് യു സംസ്ഥാന കൺവീനർ അൻസിൽ ജലീൽ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതായി സി പി എം മുഖപത്രത്തിൽ വന്ന വാർത്തയിൽ കഴമ്പില്ലെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. സത്യം പുറത്തുവന്നതിൽ സന്തോഷമുണ്ടെന്നും വ്യാജ വാർത്ത നൽകിയ ദേശാഭിമാനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അൻസിൽ ജലീൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ദേശാഭിമാനിയിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ കേരള യൂണിവേഴ്സിറ്റിക്ക് ലഭിച്ച പരാതിയിലായിരുന്നു പൊലീസ് അന്വേഷണം. കേരള സർവകലാശാലയുടെ ബി കോം ബിരുദ സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ചെന്നായിരുന്നു അൻസലിനെതിരായ കേസ്. തിരുവനന്തപുരം ജെഎഫ്സിഎം കോടതിയിലാണ് പൊലീസ് റിപ്പോർട്ട് നൽകിയത്.
പരാതിയുമായി ബന്ധപ്പെട്ട് അൻസിൽ ജലീലിനെ നിരവധി തവണ പൊലീസ് ചോദ്യം ചെയ്തിരുന്നു. എസ് എസ് എൽ സി, പ്ലസ് ടു സർട്ടിഫിക്കറ്റുകൾ ഹാജരാക്കാനും ആവശ്യപ്പെട്ടു. കന്റോൺമെന്റ് പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടെന്ന് കണ്ടെത്താൻ സാധിച്ചില്ലെന്ന് റിപ്പോർട്ടിൽ പൊലീസ് പറഞ്ഞു.