pic

ടെഹ്‌റാൻ: രാജ്യത്തെ ഞെട്ടിച്ച ഇരട്ട സ്ഫോടനവുമായി ബന്ധപ്പെട്ട ചിലരെ അറസ്റ്റ് ചെയ്തെന്ന് ഇറാൻ. ബുധനാഴ്ച തെക്കൻ നഗരമായ കെർമാനിലുണ്ടായ സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തിരുന്നു. അഞ്ച് നഗരങ്ങളിൽ നിന്നാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഇറാൻ റെവലൂഷനറി ഗാർഡ്സിന്റെ വിദേശ വിഭാഗമായ ഖുദ്സ് ഫോഴ്സിന്റെ മുൻ തലവൻ ജനറൽ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിന്റെ നാലാം വാർഷികദിനത്തിൽ അദ്ദേഹത്തിന്റെ കബറിടത്തിന് സമീപമായിരുന്നു സ്ഫോടനങ്ങളുണ്ടായത്. 84 പേർ കൊല്ലപ്പെട്ടു.

ഇതിന് മുമ്പും ഐസിസ് ഇറാനിൽ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. 2022ൽ ഇറാനിലെ ഷിയാ ആരാധനാലയത്തിൽ ഐസിസ് നടത്തിയ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടിരുന്നു.