arrested

പത്തനംതിട്ട: ബിവറേജസ് കോർപ്പറേഷനിലെ ജീവനക്കാരൻ 81ലക്ഷം രൂപ കവർന്നതായി പരാതി. പത്തനംതിട്ട കൂടലിലെ ബിവറേജസിലാണ് സംഭവം. ചില്ലറ വിൽപനശാല മാനേജറുടെ പരാതിയിൽ കൊല്ലം ശൂരനാട് സ്വദേശിയും എൽ ഡി ക്ലാർക്കുമായ അരവിന്ദിനെ പ്രതിയാക്കി കൂടൽ പൊലീസ് കേസെടുത്തു. 2023 ജൂൺ മുതൽ ആറുമാസം കൊണ്ടാണ് ഇയാൾ ഇത്രയും വലിയ തുക തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം. ബാങ്കിൽ അടയ്ക്കാൻ കൊടുത്തുവിട്ട പണത്തിൽ ഒരു ഭാഗമാണ് അപഹരിച്ചത്. ആറ് മാസത്തിന് ശേഷമാണ് തട്ടിപ്പ് കണ്ടെത്തിയത്. അരവിന്ദ് ദിവസങ്ങളായി ജോലിക്കെത്തുന്നില്ലായിരുന്നു.

അതേസമയം, ഇടുക്കി ബൈസൺവാലി ബിവറേജസ് കോർപ്പറേഷനിൽ 2,29,300 രൂപയുടെ കൃത്രിമം നടത്തിയ കേസിൽ ജീവനക്കാരൻ അടിമാലി മന്നാംകണ്ടം സ്വദേശി പി.എൻ. സജിക്ക് 12വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും മൂവാറ്റുപുഴ വിജിലൻസ് കോടതി ശിക്ഷവിധിച്ചിരുന്നു. പിഴയടച്ചില്ലെങ്കിൽ ഒരുവർഷംകൂടി ജയിൽശിക്ഷ അനുഭവിക്കണം. ഷോപ്പിൽ ലഭിക്കുന്ന വരുമാനത്തിൽ കൃത്രിമംകാട്ടി മുഴുവൻ തുകയും ബാങ്കിൽ അടയ്ക്കാതെ സജി തട്ടിയെടുത്തെന്നാണ് കേസ്. വിവിധ വകുപ്പുകളിലാണ് ശിക്ഷ. കഴിഞ്ഞ ഒക്ടോബറിലാണ് ശിക്ഷ വിധിച്ചത്.