ms-dhoni-

ന്യൂഡൽഹി: തന്റെ മുൻ ബിസിനസ് പങ്കാളികൾ 15കോടിയിലധികം രൂപ കബളിപ്പിച്ചെന്ന ആരോപണവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എം എസ് ധോണി രംഗത്ത്. ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കാനെന്ന പേരിൽ കരാറുണ്ടാക്കുകയും പിന്നീട് 15കോടിയുടെ നഷ്ടം വരുത്തിയെന്നും ധോണി നൽകിയ പരാതിയിൽ പറയുന്നു. 2017ലെ ബിസിനസ് ഇടപാടുമായി ബന്ധപ്പെട്ട് ആർക്ക സ്‌പോർട്‌സ് ആൻഡ് മാനേജ്‌മെന്റ് ലിമിറ്റഡിന്റെ മിഹിർ ദിവാകർ, സൗമ്യ വിശ്വാസ് എന്നിവർക്കെതിരെയാണ് റാഞ്ചിയിലെ കോടതിയിൽ പരാതി നൽകിയിരിക്കുന്നത്.

ക്രിക്കറ്റ് താരത്തിന്റെ പേരിൽ ഇന്ത്യയിലും വിദേശത്തും ക്രിക്കറ്റ് അക്കാദമികൾ തുറക്കാൻ 2017ൽ ദിവാകർ ധോണിയുമായി കരാർ ഒപ്പിട്ടിരുന്നു. എന്നാൽ കരാറിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ പാലിക്കാൻ ദിവാകർ തയ്യാറായില്ല. നിരവധി തവണ സ്ഥാപനത്തെ ബന്ധപ്പെട്ടിട്ടും ലീഗൽ നോട്ടീസ് അയച്ചിട്ടും ഫലമുണ്ടായില്ല. ഇതോടെ 2021 ആഗസ്റ്റ് 15ന് ആർക്ക സ്പോർട്സുമായുള്ള കരാറിൽ നിന്ന് ധോണി പിന്മാറി.

കരാറിൽ പറഞ്ഞിരിക്കുന്ന രീതിയിൽ ഫ്രാഞ്ചെെസി ഫീസും ഉടമ്പടി പ്രകാരമുള്ള ലാഭവും പങ്കിടാതെ ആര്‍ക്ക സ്‌പോര്‍ട്‌സ് ധോണിയെ വഞ്ചിക്കുകയായിരുന്നുവെന്നാണ് പരാതി. കരാർ അവസാനിപ്പിച്ചതിന് ശേഷവും ധോണിയുടെ പേരിൽ പങ്കാളികൾ അക്കാദമികൾ സ്ഥാപിക്കാൻ തുടങ്ങിയെന്നും പരാതിയിൽ പറയുന്നു. കമ്പനി കരാർ മാനദണ്ഡങ്ങൾ ലംഘിച്ചെന്നും ഇതുമൂലം തനിക്ക് 15കോടിയിലധികം നഷ്ടം സംഭവിച്ചെന്നും ധോണി ആരോപിക്കുന്നു.