pic

ടെൽ അവീവ്: യു.എസിന്റെ അന്ത്യശാസനം അവഗണിച്ച് ചെങ്കടലിൽ യെമനിലെ ഹൂതി വിമതരുടെ ആക്രമണം തുടരുന്നു. യു.എസ് കപ്പലുകളെ ആക്രമിക്കാൻ ലക്ഷ്യമിട്ടെത്തിയ സ്‌ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ബോട്ട് ചെങ്കടലിൽ പൊട്ടിത്തെറിച്ചെന്നും ആളപായമില്ലെന്നും യു.എസ് അറിയിച്ചു. യു.എസ് കപ്പലുകൾക്ക് ഏതാനും മൈൽ അകലെ വച്ചായിരുന്നു പൊട്ടിത്തെറി.

ചെങ്കടൽ വഴി പോകുന്ന കപ്പലുകളെ ആക്രമിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് യു.എസും സഖ്യകക്ഷികളും മുന്നറിയിപ്പ് നൽകിയിരുന്നു. ഗാസയിലെ ആക്രമണം അവസാനിപ്പിക്കാത്ത പക്ഷം പിന്നോട്ടില്ലെന്നാണ് ഹൂതികളുടെ നിലപാട്.

അതേ സമയം, ഗാസയിൽ ഇസ്രയേൽ ആക്രമണം ശക്തമായി തുടരുകയാണ്. കൊല്ലപ്പെട്ട പാലസ്തീനികളുടെ എണ്ണം 22,600 കടന്നു. നുസൈറത്ത്,​ മഘാസി,​ ബുറെയ്ജ് അഭയാർത്ഥി ക്യാമ്പുകളിൽ ബോംബാക്രമണം രൂക്ഷമായി. ഇതിനിടെ,​ ഇസ്രയേലിനെതിരെ ലെബനൻ യു.എൻ സുരക്ഷാ സമിതിയിൽ ഔദ്യോഗിക പരാതി ഫയൽ ചെയ്തു.

ചൊവ്വാഴ്ച ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ നടന്ന ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹമാസിന്റെ ഉപ തലവൻ സാലേഹ് അൽ - അരൂരി കൊല്ലപ്പെട്ടിരുന്നു. ഇസ്രയേലിന്റെ ആറ് മിസൈലുകൾ രാജ്യത്ത് പതിച്ചെന്ന് ലെബനൻ പറയുന്നു.