
തിരുവനന്തപുരം : കണ്ണൂർ സിവിൽ സ്റ്റേഷൻ മാർച്ചുമായി ബന്ധപ്പെട്ട് എം വിജിൻ എം.എൽ.എ നൽകിയ പരാതിയിൽ കണ്ണൂർ ടൗൺ എസ്.ഐയ്ക്കെതിരെ അന്വേഷണം. സംഭവത്തിൽ എസ്. ഐക്ക് വീഴ്ചയുണ്ടായെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ പരാതി അന്വേഷിക്കും. അന്വേഷണത്തിന് ശേഷം മാത്രമേ എസ്.ഐക്കെതിരെ നടപടിയെടുക്കൂവെന്നാണ് പൊലീസിൽ നിന്നുള്ള വിവരം. സംഭവത്തിൽ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണറോട് സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് റിപ്പോർട്ട് തേടി.
കണ്ണൂരിൽ സിവിൽ സ്റ്റേഷൻ വളപ്പിലേക്ക് മാർച്ച് നടത്തിയ സംഭവത്തിൽ എം .വിജിൻ എം.എൽ.എയെ ഒഴിവാക്കിയാണ് ടൗൺ പൊലീസ് കേസെടുത്തത്. നഴ്സിംഗ് സംഘടനാ ഭാരവാഹികൾക്കെതിരെ അന്യായമായി സംഘം ചേർന്നതിനാണ് കേസെടുത്തത്. നിയമത്തെ തങ്ങളുടെ വഴിക്ക് കൊണ്ടുപോകാനാണ് സി.പി.എം ശ്രമമെന്ന് കോൺഗ്രസ് വിമർശിച്ചു. എം.എൽ.എയ്‌ക്കെതിരെ കേസ് ആവശ്യമില്ലെന്നും വീഴ്ച പൊലീസിനെന്നുമാണ് സിപിഎം വാദം.
കളക്ടറേറ്റ് വളപ്പിൽ കടന്നവർക്കെതിരെ കേസെടുക്കുമെന്ന ടൗൺ എസ്‌ഐയുടെ നിലപാടാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. പ്രകടനമായെത്തിയ നഴ്സുമാർ അകത്തുകയറിയത് തടയാൻ പൊലീസ് ഇല്ലാതിരുന്നതുകൊണ്ട്, വീഴ്ച പൊലീസിനെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. പിന്നെ എന്തിന് കേസെന്നും എം വിജിൻ എം.എൽ.എ തിരിച്ചടിച്ചു. എന്നാൽ എസ്‌ഐയുടെ നിർദ്ദേശ പ്രകാരം കേസെടുക്കാൻ പൊലീസ് ഉദ്യോഗസ്ഥ എം.എൽ.എയുടെ പേര് ചോദിക്കുകയും ചെയ്തതോടെ പ്രശ്നം കൂടുതൽ രൂക്ഷമായി.
പിന്നാലെ സിവിൽ സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറിയതിനും അന്യായമായി സംഘം ചേർന്നതിനും ടൗൺ പൊലീസ് കേസെടുത്തു. എഫ്.ഐ.ആറിൽ പക്ഷേ മാർച്ച് ഉദ്ഘാടകനായ എം.എൽ.എയുടെ പേര് ഉൾപ്പെടുത്തിയില്ല. കെ.ജി.എൻ.എ ഭാരവാഹികളും കണ്ടാലറിയാവുന്ന നൂറോളം പേരുമാണ് പ്രതികൾ. സംഭവത്തിൽ എംഎൽഎ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു.