വർക്കല: പാപനാശം ഹെലിപ്പാഡ് കുന്നിന്റെ മുകളിൽ നിന്ന് തമിഴ്നാട് തിരുനെൽവേലി സ്വദേശിനി താഴേക്കു ചാടിയ സംഭവത്തിൽ വഴിത്തിരിവ്. താൻ പീഡനത്തിനിരയായെന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി വർക്കല പൊലീസിന് മൊഴി നൽകി.

മൊഴിയുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലുള്ള തിരുനെൽവേലി സ്വദേശികളായ ബസന്ത്,കാന്തൻ എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തും. യുവാക്കളിൽ നിന്ന് ക്രൂരമായ പീഡനമാണ് തനിക്ക് സംഭവിച്ചതെന്നും ഇവരിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയാണ് ചെയ്‌തതെന്നും യുവതി പൊലീസിനോടു പറഞ്ഞു. സുഹൃത്തായ യുവാവിനൊപ്പമെത്തിയ തനിക്ക് ജ്യൂസിൽ ലഹരി കലർത്തി നൽകിയെന്നും പലയിടങ്ങളിൽ കൊണ്ടുപോയി നാല് ദിവസത്തോളം പീഡിപ്പിച്ചെന്നും മൊഴിയിലുണ്ട്.

പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യാശ്രമമെന്ന് കരുതിയ കേസിലാണ് യുവതിയുടെ മൊഴി നിർണായകമായത്. ഇവർ മദ്യം നിർബന്ധിച്ച് കുടിപ്പിച്ചതായി യുവതി പറയുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന തിരുനെൽവേലി സ്വദേശി ദിനേശൻ എന്നയാൾ ഓടി രക്ഷപ്പെട്ടിരുന്നു. ഇയാൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. ബന്ധുക്കൾ സ്ഥലത്തെത്തി യുവതിയെ നാഗർകോവിലിലെ സ്വകാര്യ ആശുപത്രിയിലേക്ക് തുടർ ചികിത്സയ്ക്കായി കൊണ്ടുപോയി.

കഴിഞ്ഞ 3ന് ഉച്ചയ്‌ക്ക് 1.45ഓടെ ഹെലിപ്പാഡ് കുന്നിൽ നിന്ന് 30 അടിയോളം താഴ്ചയിലേക്ക് യുവതി ചാടുകയായിരുന്നു. കൈകാലുകൾക്ക് ഒടിവും ശരീരമാകെ പരിക്കേൽക്കുകയും ചെയ്‌ത യുവതിയെ ആദ്യം വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബോധാവസ്ഥയിലായ യുവതിയെ പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വിദഗ്ദ്ധ ചികിത്സയ്‌ക്കായി മാറ്റുകയായിരുന്നു.