
ദുബായ്: വെസ്റ്റിൻഡീസും യു.എസ്.എയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ട്വന്റി-20 ലോകകപ്പിന്റെ ഗ്രൂപ്പും മത്സരക്രമവുമായി. ജൂൺ 1ന് ആതിഥേയരായ യു.എസും കാനഡയും തമ്മിലാണ് ലോകകപ്പിലെ ഉദ്ഘാടന മത്സരം. ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും ഒരു ഗ്രൂപ്പിലാണ്. ജൂൺ 9ന് ന്യൂയോർക്കിലാണ് ക്രിക്കറ്റ് ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം. ഗ്രൂപ്പ് എയിൽ ഇന്ത്യയേയും പാകിസ്ഥാനേയും കൂടാതെ യു.എസ്, കാനഡ, അയർലൻഡ് എന്നീ ടീമുകളാണ് ഉള്ളത്. ജൂൺ 29ന് ബാർബഡോസിലാണ് ഫൈനൽ.
നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ടും ഏകദിന ലോകകപ്പ് ചാമ്പ്യൻമാരായ ഓസ്ട്രേലിയയും ബി ഗ്രൂപ്പിൽ ഒരുമിച്ചാണ്.
വെസ്റ്റിൻഡീസ്, ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകൾ നേർക്കുനേർ വരുന്ന സി ഗ്രൂപ്പാണ് മരണ ഗ്രൂപ്പ്. ഉഗാണ്ട, പാപുവ ന്യൂഗിനിയ എന്നീ ടീമുകളാണ് ഗ്രൂപ്പിലെ മറ്റംഗങ്ങൾ. 20 ടീമുകൾ അണി നിരക്കുന്ന ആദ്യ ട്വന്റി-20 ലോകകപ്പാണിത്. 5 ടീമുകൾ വീതമുള്ള (എ,ബി,സി,ഡി ) 4 ഗ്രൂപ്പുകളാക്കി തിരിച്ചാണ് പ്രാഥമികറൗണ്ട് മത്സരങ്ങൾ നടത്തുന്നത്. എല്ലാ ഗ്രൂപ്പുകളിലേയും ആദ്യ രണ്ട് സ്ഥാനക്കാർ സൂപ്പർ എട്ട് റൗണ്ടിൽ കടക്കും. സൂപ്പർ എട്ടിൽ നിന്ന് നാല് ടീമുകൾ സെമിയിലെത്തു. ആകെ 55 മത്സരങ്ങളാണ് ഉള്ളത്.
സൂപ്പർ എട്ടിൽ എത്തിയാൽ ഇന്ത്യയുടെ മത്സരങ്ങൾ ബാർബഡോസിലാകും നടക്കുക. ഇന്ത്യയുടെ ഗ്രൂപ്പ് മത്സരങ്ങൾ എല്ലാം യു.എസ്.എയിലാണ്. യു.എസിലെ മൂന്നും കരീബിയൻ ദ്വീപുകളിലെ ആറും വേദികളിലായാണ് ലോകകപ്പ് നടക്കുന്നത്.
ഗ്രൂപ്പ് എ: ഇന്ത്യ, പാകിസ്ഥാൻ,അയർലൻഡ്, കാനഡ,യു.എസ്.എ
ഗ്രൂപ്പ് ബി: ഇംഗ്ലണ്ട്,ഓസ്ട്രേലിയ, നിമീബിയ, സ്കോട്ട്ലൻഡ്,ഒമാൻ
ഗ്രൂപ്പ് സി: ന്യൂസിലൻഡ്, വെസ്റ്റിൻഡീസ്, അഫ്ഗാനിസ്ഥാൻ,ഉഗാണ്ട,പാപുവ ന്യൂഗിനിയ
ഗ്രൂപ്പ് ഡി: ദക്ഷിണാഫ്രിക്ക, ശ്രീലങ്ക,ബംഗ്ലാദേശ്,നെതർലൻഡ്സ്, നേപ്പാൾ.
ഇന്ത്യയുടെ ഗ്രൂപ്പ് മത്സരങ്ങൾ
ജൂൺ 5ന് അയർലൻഡിനെതിരെ, ന്യൂയോർക്കിൽ
ജൂൺ 9ന് പാകിസ്ഥാനെതിരെ, ന്യൂയോർക്കിൽ
ജൂൺ 12ന് യു.എസ്.എക്കെതിരെ ന്യൂയോർക്കിൽ
ജൂൺ 15ന് കാനഡയ്ക്കെതിരെ , ഫ്ലോറിഡയിൽ