
മോസ്കോ: യുക്രെയിനെതിരായ സംഘർഷത്തിൽ ഉത്തരകൊറിയ നൽകിയ ബാലിസ്റ്റിക് മിസൈലുകളും ലോഞ്ചറുകളും റഷ്യ ഉപയോഗിച്ചതായി യു.എസ്. അടുത്തിടെ യുക്രെയിനിൽ നിരവധി പേരുടെ ജീവനെടുത്ത മിസൈലാക്രമണത്തിന് റഷ്യ ഈ മിസൈലുകൾ പ്രയോഗിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
ഉത്തര കൊറിയയുടെ നടപടി ആശങ്കാജനകമാണെന്ന് യു.എസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി പ്രതികരിച്ചു.
യു.എൻ രക്ഷാസമിതിയിൽ ഇക്കാര്യം യു.എസ് ഉന്നയിക്കുമെന്നും ഉത്തര കൊറിയയ്ക്ക് മേൽ അധിക ഉപരോധം ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം, റിപ്പോർട്ടുകൾ റഷ്യ നിഷേധിച്ചു. എന്നാൽ,
യു.എസ് ആരോപണം ഉന്നയിച്ച് ഏതാനും മണിക്കൂറുകൾക്ക് പിന്നാലെ, രാജ്യത്ത് മിസൈൽ വിക്ഷേപണ വാഹന ഉത്പാദനം വിപുലമാക്കണമെന്ന് ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ പ്രതികരിച്ചു.
സൈനിക സഹകരണം ചർച്ച ചെയ്യാൻ കഴിഞ്ഞ സെപ്തംബറിൽ കിം റഷ്യ സന്ദർശിച്ചിരുന്നു.
ഉത്തര കൊറിയ റഷ്യയ്ക്ക് ആയുധങ്ങൾ നൽകുന്നുവെന്ന് യു.എസ് മുമ്പും ആരോപിച്ചിട്ടുണ്ട്. എന്നാൽ 900 കിലോമീറ്റർ (500 മൈൽ) അകലെയുള്ള ലക്ഷ്യങ്ങളിൽ എത്താൻ കഴിയുന്ന ബാലിസ്റ്റിക് മിസൈലുകൾ നൽകിയെന്ന വിവരം യു.എസ് ഇന്റലിജൻസ് പങ്കിടുന്നത് ഇതാദ്യമാണ്.
റഷ്യയ്ക്ക് ആയുധം നൽകിയതിന് ഉത്തരകൊറിയയ്ക്ക് എന്ത് പ്രതിഫലമാണ് ലഭിച്ചതെന്ന് വ്യക്തമല്ല. ആയുധങ്ങളോ സൈനിക, ഉപഗ്രഹ സാങ്കേതിക വിദ്യകളോ കൈമാറിയിട്ടുണ്ടാകാമെന്നാണ് ആശങ്ക.
റഷ്യയിലോ യുക്രെയിനിലോ പ്രവർത്തിക്കുന്ന അനധികൃത മാർഗ്ഗം വഴി ഒരു സോവിയറ്റ് ആർ.ഡി - 250 റോക്കറ്റ് എഞ്ചിൻ ഉത്തര കൊറിയ സ്വന്തമാക്കിയെന്നും ഇതിലൂടെ പുതിയ മിസൈലുകൾ വേഗത്തിൽ വികസിപ്പിക്കാൻ അവർക്ക് കഴിയുന്നുണ്ടെന്നുമുള്ള റിപ്പോർട്ട് 2017ൽ പുറത്തുവന്നിരുന്നു.
റഷ്യയാണ് ഇതിന് ഉത്തരവാദിയെന്ന് യുക്രെയിൻ അന്ന് ആരോപിച്ചിരുന്നു. ഏതായാലും
അന്നേ വർഷം, മിസൈൽ ആയുധശേഖരം അതിവേഗം വികസിപ്പിക്കാൻ ഉത്തര കൊറിയയ്ക്ക് കഴിഞ്ഞു. മദ്ധ്യദൂര ഹ്വാസോംഗ് - 12, ഇന്റർകോണ്ടിനെന്റൽ ഹ്വാസോംഗ് 14 എന്നീ മിസൈലുകൾ അവതരിപ്പിച്ചു.
ഉത്തരകൊറിയയിൽ നിന്ന് റഷ്യ ബാലിസ്റ്റിക് മിസൈലുകൾ വാങ്ങുന്നത് യു.എൻ സുരക്ഷാ സമിതിയുടെ നിരവധി പ്രമേയങ്ങളുടെ നേരിട്ടുള്ള ലംഘനമാണെന്ന് യു.എസ് ചൂണ്ടിക്കാട്ടി.
ഇറാനിൽ നിന്ന് ക്ലോസ് റേഞ്ച് മിസൈലുകൾ വാങ്ങാൻ റഷ്യ പദ്ധതിയിടുന്നുണ്ടെന്നും എന്നാൽ ഇതുവരെ കൈമാറ്റം ചെയ്തിട്ടില്ലെന്നും യു.എസ് പറഞ്ഞു.
ഉത്തരകൊറിയൻ നിർമ്മിത ബാലിസ്റ്റിക് മിസൈലുകൾ യുക്രെയിനിൽ റഷ്യ പ്രയോഗിച്ചതിനെ ശക്തമായി അപലപിക്കുന്നതായി യു.കെ അറിയിച്ചു.