
കണ്ണൂർ: എംഎൽഎയെ അപമാനിച്ചെന്ന പരാതിയിൽ കണ്ണൂർ ടൗൺ എസ്ഐക്കെതിരെ അന്വേഷണ റിപ്പോർട്ട്. എസ്ഐ പിപി ഷമീലിന്റെ ഭാഗത്ത് വീഴ്ച പറ്റിയെന്ന് കണ്ണൂർ എസിപി കമ്മീഷണർക്ക് റിപ്പോർട്ട് നൽകി. എസ്ഐക്കെതിരെ ഇന്ന് നടപടിയുണ്ടായേക്കും.
പിപി ഷമീൽ അനാവശ്യ പ്രകോപനം സൃഷ്ടിച്ചെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. എംഎൽഎയുടെ പ്രോട്ടോക്കോളുകൾ ലംഘിച്ച് അനാവശ്യമായി പ്രകോപനമുണ്ടാക്കി. കേരള ഗവ. നഴ്‌സസ് അസോസിയേഷൻ(കെജിഎൻഎ) മാർച്ചിൽ സുരക്ഷയൊരുക്കുന്നതിൽ പൊലീസ് വീഴ്ചയുണ്ടായെന്നും റിപ്പോർട്ടുണ്ട്. മാർച്ചുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള സുരക്ഷാക്രമീകരണങ്ങളും എസ്ഐ ഏർപ്പെടുത്തിയില്ല. സ്ത്രീകൾ പങ്കെടുക്കുന്ന മാർച്ചിലേക്ക് ആവശ്യത്തിന് വനിതാ പൊലീസിനെ അയക്കേണ്ടിയിരുന്നു. എന്നാൽ, സ്ഥലത്തേക്ക് ഒറ്റ വനിതാ പൊലീസുകാരെയും അയക്കാൻ ഡ്യൂട്ടി നിശ്ചയിച്ച ഓഫീസർ തയാറായില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
പൊലീസിനെതിരെ സിപിഎമ്മിൽ നിന്ന് വലിയ വിമർശനമുയർന്നിരുന്നു. പാർട്ടി എംഎൽഎയും യുവനേതാവുമായ എം വിജിനോട് സ്വന്തം തട്ടകമായ കണ്ണൂരിൽ തന്നെ ഒരു എസ്ഐ അപമര്യാദയായി പെരുമാറിയത് നേതൃത്വത്തെ വലിയ തോതിൽ പ്രകോപിപ്പിച്ചിട്ടുണ്ട്. എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കൾ പൊലീസിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തിൽ അടിയന്തര നടപടിയുണ്ടാകണമെന്ന നിർദേശം സിപിഎം നേതൃത്വം മുന്നോട്ടുവയ്ക്കുകയും ചെയ്തു.