christian-oliver

ലോസ് ഏഞ്ചലസ്: ഹോളിവുഡ് നടൻ ക്രസ്റ്റ്യൻ ഒലിവറും (51) അദ്ദേഹത്തിന്റെ രണ്ട് പെൺമക്കളും വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. ഇവർ സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനം ടേക്ക്‌ഓഫിന് തൊട്ടുപിന്നാലെ കരീബിയൻ കടലിൽ പതിക്കുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം.


വ്യാഴാഴ്ച ഉച്ചയ്‌ക്ക് 12.10ഓടെയാണ് വിമാനാപകടമുണ്ടായത്. സെൻ്റ് ലൂസിയയിലേയ്‌ക്ക് അവധിക്കാലം ആഘോഷിക്കാൻ പോവുകയായിരുന്നു ഇവർ. ഒലിവറിന്റെ മക്കളായ മെഡിറ്റ (10),അനിക് (12)എന്നിവരെ കൂടാതെ വിമാനത്തിന്റെ പൈലറ്റ് റോബർട്ട് ഷാസും അപകടത്തിൽ മരിച്ചുവെന്നാണ് റിപ്പോർട്ട്. സംഭവം നടന്നയുടൻ തന്നെ മത്സ്യത്തൊഴിലാളികളും കോസ്റ്റ് ‌ഗാർഡും സ്ഥലത്തെത്തിയെങ്കിലും വിമാനത്തിലുണ്ടായിരുന്നവരുടെ ജീവൻ രക്ഷിക്കാനായില്ല. തെരച്ചിൽ നടത്തിയവർക്ക് ലഭിച്ചത് നാല് മൃതദേഹങ്ങളായിരുന്നു. കോസ്റ്റ്‌ഗാർഡാണ് മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിച്ചത്. പോസ്റ്റ്‌മോർട്ടം നടപടികൾ ഇതുവരെ പൂർത്തായിട്ടില്ല എന്നാണ് വിവരം.


30 വർഷമായി അഭിനയരംഗത്ത് സജീവമായിരുന്ന ക്രിസ്റ്റ്യൻ ഒലിവർ, ടോം ക്രൂസിനും ജോർജ്ജ് ക്ലൂണിക്കുമൊപ്പം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അറുപതിലേറെ സിനിമകളിലും ടെലിവിഷൻ ഷോകളിലും ക്രിസ്റ്റ്യൻ ഒലിവർ അഭിനയിച്ചിട്ടുണ്ട്. 2008ൽ പുറത്തിറങ്ങിയ ആക്ഷൻ- കോമഡി ചിത്രമായ 'സ്‌പീഡ് റേസി'ലൂടെയാണ് താരം ശ്രദ്ധ നേടിയത്.