israel

ടെൽ അവീവ്: ആളുകളെ കൊലപ്പെടുത്തുന്നത് വിനോദമായിട്ടാണ് ഹമാസ് കാണുന്നതെന്ന് ദൃക്സാക്ഷി. ഒക്‌ടോബർ ഏഴിന് നടന്ന ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട റാസ് കോഹൻ എന്നയാളാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. തന്റെ കാമുകി മായയ്‌ക്കൊപ്പം സത്തേൺ ഇസ്രയേലിൽ നടന്ന സംഗീത പരിപാടിയിൽ പങ്കെടുക്കാൻ കോഹൻ പോയിരുന്നു. ഇതിനിടയിലായിരുന്നു ആക്രമണമുണ്ടായത്.

ഭീകരർ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊന്നതിന് താൻ സാക്ഷിയാണെന്ന് ഇരുപത്തിനാലുകാരനായ റാസ് കോഹൻ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. 'ഞാൻ ഒളിച്ചിരിക്കുകയായിരുന്നു. ഇതിനിടയിൽ വാനിൽ നിന്ന് അഞ്ച് പേർ ഇറങ്ങി ഒരു സ്ത്രീയെ പിടികൂടി. അവർ ബലമായി അവളുടെ വസ്ത്രങ്ങൾ അഴിച്ചു. ശേഷം അതിലൊരാൾ ആ സ്ത്രീയെ ബലാത്സംഗം ചെയ്യാൻ തുടങ്ങി. തുടർന്ന് ഒരു കത്തിയെടുത്ത് അവളെ കൊന്നു. മൃതദേഹത്തെയും പീഡിപ്പിച്ചു.എനിക്കിപ്പോഴും അവളുടെ ശബ്ദം ഓർമയുണ്ട്. ഒന്നും പറയാനാകാതെ പൊട്ടിക്കരയുകയായിരുന്നു. ഈ സമയമെല്ലാം അവർ പൊട്ടിച്ചിരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതൊക്കെ ഒരു രസത്തിന് വേണ്ടിയാണ് അവർ ചെയ്യുന്നതെന്നാണ് എനിക്ക് തോന്നിയത്. അവർ നിരവധി പേരെ കൊന്നു. ഇതൊരു വിനോദമായിട്ടാണ് അവർ കാണുന്നത്. ' - അദ്ദേഹം പറഞ്ഞു.


ബലാത്സംഗത്തിന് ശേഷം സംഘം ദമ്പതികളെ ആക്രമിച്ചു. ഇരുവരെയും കത്തിയും കോടാലിയും ഉപയോഗിച്ച് കൊലപ്പെടുത്തി. ഞാൻ അവിടെനിന്ന് ഓടി. ഇതിനിടയിൽ ഒരു പെൺകുട്ടിയെ കണ്ടു. പെട്ടെന്ന് അവൾ തലയിൽ വെടിയേറ്റ് നിലത്തുവീണു. ഞാൻ അവളെ നോക്കി. എനിക്ക്‌ അവളെ രക്ഷിക്കാനാകില്ല, അതിനാൽ ഞാൻ അവിടെനിന്ന് ഓടി.'- കോഹൻ വ്യക്തമാക്കി.

രക്ഷാപ്രവർത്തകരെയും കാത്ത് ഒമ്പത് മണിക്കൂറാണ് യുവാവിന് കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കേണ്ടിവന്നത്. അന്ന് നടന്ന ആക്രമണത്തിൽ റാസിന്റെ കാമുകിയും കൊല്ലപ്പെട്ടിരുന്നു. അതേസമയം, താൻ രക്ഷപ്പെടുന്ന സമയത്ത് ചില സ്ത്രീകളെ നഗ്നരായി കണ്ടെന്നും അവർക്ക് എന്താകും സംഭവിച്ചിട്ടുണ്ടാകുക എന്ന കാര്യത്തിൽ തനിക്ക് യാതൊരു സംശയവുമില്ലെന്നും സംഗീത പരിപാടിയുടെ സംഘാടകനായ റാമി ഷ്മുവൽ പറഞ്ഞു.


കൗമാരക്കാരായ പെൺകുട്ടികളുടെ മൃതദേഹം കണ്ടതായി മറ്റൊരാൾ വെളിപ്പെടുത്തി. അവരിൽ ഒരാളെങ്കിലും ബലാത്സംഗത്തിന് ഇരയായെന്ന് മറ്റൊരു ദൃക്‌സാക്ഷി പറയുന്നു.ലൈംഗികാതിക്രമ ആരോപണങ്ങൾ ഹമാസ് നിഷേധിച്ചിരുന്നു. എന്നാൽ സ്ത്രീകൾ ക്രൂരപീഡനത്തിനിരയായിട്ടുണ്ടെന്ന് ഇസ്രയേൽ സർക്കാർ അറിയിച്ചു.