k

സൂര്യ പഠനത്തിനുള്ള ആദിത്യ എൽ 1 പേടകത്തെ ലെഗ്രാഞ്ച് പോയിന്റ് 1ന് ചുറ്റുമുള്ള ത്രിമാന ഹാലോ ഭ്രമണപഥത്തിൽ വിജയകരമായി പ്രതിഷ്ഠിച്ചത് ഇന്ത്യയുടെ അഭിമാനകരമായ ചരിത്രമുഹൂർത്തമാണ്. കന്നി ദൗത്യത്തിൽ തന്നെ വിജയം കൈവരിച്ച ഐ.എസ്.ആർ.ഒ ശാസ്‌ത്രജ്ഞർക്ക് അഭിനന്ദനങ്ങൾ. നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും മാത്രമാണ് ലെഗ്രാഞ്ചിൽ പേടകങ്ങൾ എത്തിച്ചിട്ടുള്ളത്. സൂര്യപര്യവേക്ഷണത്തിൽ ഇന്ത്യക്കും സ്ഥാനം ഉറപ്പിക്കുന്ന സാങ്കേതികത്തികവിന്റെ വിജയം കൂടിയാണിത്.വിവിധ മേഖലകളിൽ രാജ്യം കൈവരിക്കുന്ന നേട്ടങ്ങളുടെ തുടർച്ചയുമാണിത്. നേട്ടങ്ങളുടെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാണ് ആദിത്യയുടെ വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചു.

സെപ്തംബർ 2ന് വിക്ഷേപിച്ച ആദിത്യ, 127 ദിവസം സഞ്ചരിച്ചാണ് 15ലക്ഷം കിലോമീറ്റർ അകലെയുള്ള ലക്ഷ്യത്തിൽ എത്തിയത്. ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണം ഉൾപ്പെടെ മൊത്തം 37ലക്ഷം കിലോമീറ്ററാണ് സഞ്ചരിച്ചത്. ഇന്നലെ വൈകിട്ട് നാല്‌ മണിയോടെ സങ്കീർണമായ നിയന്ത്രണ പ്രക്രിയയിലൂടെ ലെഗ്രാഞ്ച് പോയിന്റ് 1 എന്ന സാങ്കൽപ്പിക ബിന്ദുവിന് ചുറ്റുമുള്ള ഭ്രമണപഥത്തിലാക്കുകയായിരുന്നു. ലിക്വിഡ് അപ്പോജിമോട്ടോറും പന്ത്രണ്ട് ത്രസ്റ്ററുകളും ഇടവിട്ട് ജ്വലിപ്പിച്ചാണ് ബംഗളൂരു ഇസ്‌ട്രാക്കിലെ ശാസ്‌ത്രജ്ഞർ ലക്ഷ്യം കണ്ടത്. നാസയുടെയും യൂറോപ്യൻ സ്പേസ് ഏജൻസിയുടെയും ശാസ്‌ത്രജ്ഞരും സഹായിച്ചു.

അഞ്ച് വ‍ർഷം കാലാവധിയുള്ള ആദിത്യയുടെ ചെലവ് 400 കോടി മാത്രമാണ്. ലെഗ്രാഞ്ചിൽ 7 ലക്ഷം കിലോമീറ്റർ നീളത്തിലും രണ്ട് ലക്ഷം കിലോമീറ്റർ വീതിയിലും ഒരു ലക്ഷം കിലോമീറ്റർ ലംബത്തിലുമാണ് ആദിത്യയുടെ ഭ്രമണപഥം. ഭൂമി സൂര്യന് ചുറ്റും കറങ്ങുന്നതിനാൽ ലെഗ്രാഞ്ച് പോയിന്റും ആപേക്ഷികമാണ്. ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വബലം സന്തുലിതമായ ലെഗ്രാഞ്ച് പോയിന്റിൽ ത്രിമാനപഥത്തിൽ സ്വയം കറങ്ങുന്ന പേടകം ഭൂമിയുടെ അതേ വേഗതയിൽ സൂര്യനെയും വലംവയ്‌ക്കും. അതുകൊണ്ട് തന്നെ ഗ്രഹണ നിഴലോ മറ്റ് തടസങ്ങളോ ഇല്ലാതെ സദാസമയവും ആദിത്യ സൂര്യന് അഭിമുഖമായി നിൽക്കും.

ഇന്ത്യയുടെ ഈ സോളാർ ഒബ്സർവേറ്ററി ബഹിരാകാശത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായി പ്രവർത്തിക്കും. ഭൂമിയിലെ കാലാവസ്ഥയെ ബാധിക്കുന്ന സൂര്യതാപം, റേഡിയേഷൻ, കാന്തിക പ്രഭാവം, സൗരവാതത്തിന്റെ സാന്ദ്രത, വേഗത, ദിശ, എന്നിവയിലെ മാറ്റങ്ങളാണ് നിരീക്ഷിക്കുന്നത്. ഇതിനായി ഏഴ് പഠനോപകരണങ്ങളുണ്ട്.

ബഹിരാകാശ കാലാവസ്ഥാ പഠനം അന്താരാഷ്‌ട്ര വിഷയമായതിനാൽ ആദിത്യക്ക് ആഗോള പ്രസക്തിയുണ്ട്. മാനവരാശിക്കാകെ പ്രയോജനപ്പെടുന്ന ദൗത്യമാണിത്. ബഹിരാകാശ ആധിപത്യത്തിനായി മത്സരിച്ച അമേരിക്കയുടെയും റഷ്യയുടെയും പാത വിട്ട്, ഇന്ത്യ ശാസ്‌ത്രത്തെ ലോകത്തിനാകെ പ്രയോജനപ്പെടുത്തുന്നതിന്റെ തെളിവാണ് ആദിത്യ. ഇതിൽ നിന്നുള്ള ഡാറ്റയും സൂര്യന്റെ ആന്തരിക മാറ്റങ്ങളുടെ ത്രിമാനചിത്രങ്ങളും ഭൂമിയിലെ കൊടുങ്കാറ്റുകളും കാലാവസ്ഥാ വ്യതിയാനങ്ങളും പ്രവചിക്കാൻ സഹായിക്കും. വൈദ്യുതി,​ വാർത്താവിനിമയ ശൃംഖലകളെ ബാധിക്കാവുന്ന കാന്തികവിസ്ഫോടനങ്ങളായ സൗരവാതങ്ങൾക്കെതിരെ മുൻകരുതലുകൾ എടുക്കാം. 50,​000 കോടി മൂല്യമുള്ള 50 ഇന്ത്യൻ ഉപഗ്രഹങ്ങൾ ഉൾപ്പെടെ 7,800 ഉപഗ്രഹങ്ങളാണ് ബഹിരാകാശത്തുള്ളത്. സൗരവാതങ്ങൾ ഉപഗ്രഹങ്ങളുടെ ഇലക്ട്രോണിക്‌സ് തകരാറിലാക്കും. ആദിത്യയുടെ മുന്നറിയിപ്പിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ സേഫ് മോഡിലാക്കി ഉപഗ്രഹങ്ങളെ സംരക്ഷിക്കാം.

ചന്ദയാൻ 3ന്റെ ഉജ്ജ്വലവിജയത്തിന് ശേഷം തൊടുന്നതെല്ലാം പൊന്നാക്കുകയാണ് ഐ.എസ്.ആർ.ഒ. ചന്ദ്രയാൻ 3ൽ ആണവോ‌ർജ്ജവും ആർട്ടിഫിഷ്യൽ ഇന്റലിജൻസും പരീക്ഷിച്ചു. പിന്നാലെ ആദിത്യയും പുതുവർഷത്തിൽ എക്സ്‌പോസാറ്റും വിക്ഷേപിച്ചു. ബഹിരാകാശത്ത് ഫ്യൂവൽ സെല്ലിൽ വൈദ്യുതി ഉത്പ്പാദിപ്പിച്ചു. മനുഷ്യദൗത്യമായ ഗഗൻയാൻ ഉൾപ്പെടെ നിരവധി ദൗത്യങ്ങൾ ഒരുങ്ങുന്നു. ചെലവ് കുറഞ്ഞ വാണിജ്യ വിക്ഷേപണങ്ങളിലൂടെ വലിയ വരുമാനമുണ്ടാക്കിയും മുന്നേറുന്ന ഐ.എസ്.ആർ.ഒ ലോകത്തെ മുൻനിര ബഹിരാകാശ ഏജൻസിയായി രാജ്യത്തിന്റെ അന്തസ്സ് ഉയർത്തുകയാണ്.