
കൊച്ചി: കിഫ്ബിയുമായി ബന്ധപ്പെട്ട് മസാല ബോണ്ട് സമാഹരണത്തിലെ വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചെന്ന കേസിൽ മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിന് വീണ്ടും ഇഡിയുടെ സമൻസ്. ഈ മാസം 12ന് കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് സമൻസ്.
നേരത്തെ മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് തെളിവുകളില്ലെന്ന് ഹെെക്കോടതി സിംഗിൾ ബെഞ്ച് വിധിച്ചിരുന്നു. ഇതിന് പിന്നാലെ തന്നെ കിഫ്ബി മസാല ബോണ്ട് കേസിൽ പുതിയ സമൻസ് നൽകുമെന്ന് ഇഡി വ്യക്തമാക്കിയിരുന്നു. കിഫ്ബിക്കെതിരെ തെളിവുണ്ടെന്ന് ആവര്‍ത്തിക്കുന്ന നിലപാടായിരുന്നു ഹൈക്കോടതി വിധിക്ക് ശേഷവും ഇഡി സ്വീകരിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും തോമസ് ഐസക്കിന് സമൻസ് അയച്ചത്.
വ്യക്തിപരമായ വിവരങ്ങൾ ഉൾപ്പെടെ ചോദിച്ച് സമൻസ് നൽകുന്നത് നിയമപരമല്ലെന്നു ചൂണ്ടിക്കാട്ടി തോമസ് ഐസക് നൽകിയ ഹർജിയിൽ നേരത്തെ നോട്ടീസ് അയക്കുന്നത് ഹെെക്കോടതി തടഞ്ഞിരുന്നു.
അതേസമയം, കേസിൽ അന്വേഷണവുമായി ഇഡിക്ക് മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. തോമസ് ഐസക്കിന് വീണ്ടും പുതിയ സമന്‍സ് അയക്കാന്‍ ഹൈക്കോടതി അനുവാദം നല്‍കിയതോടെയാണ് ഇഡിയുടെ നടപടി.