
ഡോ. ജി. വിജയരാഘവൻ
ശശി തരൂരിന്റെ 'ദ എറ ഓഫ് ഡാർക്ക്നെസ്' എന്ന പുസ്തകം വായിച്ചപ്പോഴാണ് ഇന്ത്യയെ കൊണ്ട് ബ്രിട്ടീഷുകാർ എത്ര ദൂരം മുന്നോട്ടുപോയി എന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്. ഇംഗ്ലണ്ടിന്റെ ഫിനാൻഷ്യൽ സ്ട്രക്ചർ ഉൾപ്പെടെ വികസിപ്പിക്കാൻ ഇന്ത്യയുടെ റിസോഴ്സുകളെ എങ്ങനെയാണ് ബ്രിട്ടീഷുകാർ ഉപയോഗിച്ചത് എന്നൊക്കെ ശശി തരൂർ ഈ പുസ്തകത്തിൽ വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്. വളരെയധികം റിസർച്ച് ചെയ്ത് വായനക്കാരന്റെ മനസ്സ് മനസ്സിലാക്കി എഴുതാൻ കഴിയുന്ന ഒരാളാണ് ശശി തരൂർ. അദ്ദേഹത്തിൻറെ ഈ പുസ്തകത്തിൽ 'ഇന്ത്യക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ഇംഗ്ലണ്ട് ചെയ്തു' എന്ന് പറയുന്നവർക്കുള്ള മറുപടി കൂടിയുണ്ട്. ഒട്ടേറെ കാര്യങ്ങളും അവർ പണത്തിനു വേണ്ടിയാണ് ചെയ്തത്. അവയെല്ലാം സസൂക്ഷ്മം മനസ്സിലാക്കിയിട്ടാണ് അദ്ദേഹം ഈ പുസ്തകത്തിൽ കാര്യങ്ങൾ അവതരിപ്പിച്ചിട്ടുള്ളത്.
(പ്രശസ്ത കാർഡിയോളജിസ്റ്റാണ് )
അഷ്ടമൂർത്തി
നമ്മുടെ ആഗ്രഹമോ അനുവാദമോ കൊണ്ടല്ലല്ലോ ഭൂമിയിൽ നമ്മൾ ജനിക്കുന്ന ഇടവും പരിസരവും ബന്ധുതകളും നിർണ്ണയിക്കപ്പെടുന്നത്. സുധാ മേനോന്റെ "ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ" വായിക്കുമ്പോൾ എന്നെ മുറിപ്പെടുത്തിക്കൊണ്ടിരുന്നതും ആ ചിന്തയാണ്. ശ്രീലങ്കയിലെ ജീവലതയും പാകിസ്ഥാനിലെ സൈറയും ഹാജിറയും അഫാഗാനിസ്ഥാനിലെ പർവീനും ബംഗ്ലാദേശിലെ സഫിയയും നേപ്പാളിലെ ശ്രേഷ്ഠ ഭൂപെൻ തമാംഗും ഇന്ത്യയിലെ രേവമ്മയും ഭൂമിയിൽ മനുഷ്യന് സൃഷ്ടിച്ച നരകത്തിലെ പ്രജകളാണ്. അവരാവട്ടെ ആ നരകത്തിൽ ജീവിക്കുന്ന ലക്ഷക്കണക്കിനു സ്ത്രീകളുടെ പ്രതിനിധാനങ്ങൾ മാത്രമാണ്. അവരുടെ ദുഃഖമാണ് സുധ പകർത്തിയിരിക്കുന്നത്. ഏതു യുദ്ധത്തിലും നമ്മെ ഏറ്റവും സങ്കടപ്പെടുത്തുന്നത് ഒന്നുമറിയാത്ത കുട്ടികളുടെ കഥകളാണല്ലോ. ഇന്നിപ്പോൾ ഗാസയിലെ കുട്ടികളുടെ നൊമ്പരമാണ് നമ്മെ അലട്ടുന്നത്. നാളെ അത് മറ്റൊന്ന് അവാതിരിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു. അവരുടെയെല്ലാം ജീവിതം ലോകസമക്ഷം വെളിപ്പെടുത്തിയതിലൂടെ സുധ അളവറ്റ ഒരു പുണ്യകർമ്മമാണ് അനുഷ്ഠിച്ചിരിക്കുന്നതെന്ന്. 2023ൽ ഞാൻ വായിച്ച മികച്ച പുസ്തകങ്ങളിൽ ഒന്നാണിത്.
(പ്രശസ്ത എഴുത്തുകാരൻ)
മധുപാൽ
2023ൽ വായിച്ച ഏറ്റവും മഹത്തായ പുസ്തകം എന്ന് എനിക്ക് തോന്നിയത് സുധാ മേനോന്റെ 'ചരിത്രം അദൃശ്യമാക്കിയ മുറിവുകളാണ്'. സോഷ്യൽ ആക്ടിവിസ്റ്റും മാദ്ധ്യമപ്രവർത്തകയുമായ സുധാ മേനോൻ സഞ്ചരിച്ച വഴികളിൽ അവർ കണ്ടെത്തിയ അല്ലെങ്കിൽ അവർ അറിഞ്ഞ സ്ത്രീകളുടെയും കുടുംബങ്ങളുടെയും കഥകളാണ് ഈ പുസ്തകത്തിൽ അവർ പകർത്തിയിരിക്കുന്നത്. ആറു രാജ്യങ്ങളിലെ സ്ത്രീകളെക്കുറിച്ചും അവരുടെ അനുഭവത്തിന്റെ തീക്ഷ്ണത വായനക്കാരിലേക്ക് എത്തിക്കാനും ഫിക്ഷൻ എന്നതിനപ്പുറത്തേക്ക് അതിലൊരു സത്യസന്ധമായ ജീവിതമുണ്ട് എന്ന് അടയാളപ്പെടുത്താനും ഈ കൃതിക്ക് കഴിഞ്ഞിട്ടുണ്ട്.യുദ്ധം എപ്പോഴും അധികാരത്തിന്റെ ഭാഗത്തുനിന്നാണ് സംസാരിക്കുന്നത്. ശ്രീലങ്കയിലെ ജീവലതയുടെയും അവരുടെ കുടുംബത്തിന്റെയും കഥ പറയുമ്പോൾ യുദ്ധം എങ്ങനെയാണ് സാധാരണക്കാരെയും അവരുടെ കുടുംബത്തെയും അലട്ടുന്നതെന്നും സാധാരണക്കാരുടെ ജീവിതത്തെ യുദ്ധം ബാധിക്കുന്നതുമെല്ലാം ഈ കൃതിയിൽ വ്യക്തമായിട്ട് അവതരിപ്പിച്ചിരിക്കുന്നു.ഈഴത്തിന്റെ ജീവിതം മാത്രമല്ല യുദ്ധം അനുഭവിച്ചിട്ടുള്ള സാധാരണ മനുഷ്യന്മാരുടെയും ഓരോ സ്ത്രീയുടെയും കഥ. പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഇന്ത്യയിലെയും ഒക്കെ സ്ത്രീകളുടെ കഥകൾ സാധാരണ മട്ടിൽ പറഞ്ഞു പോകുന്നതിനും അപ്പുറത്തേക്ക് ആ ജീവിതം നമ്മെ കാണിച്ചു തരികയും ചെയ്യുന്നു. 2024ലും യുദ്ധം ഉണ്ടാവും. 2025ലും യുദ്ധം ഉണ്ടാവും. പക്ഷേ 'ഏറ്റവും സങ്കടം ഭൂതകാലം ഒറ്റയടിക്ക് ആരിൽ നിന്നും മാഞ്ഞു പോകുന്നില്ല' എന്നത് തന്നെയാണല്ലോ.
(ചലച്ചിത്ര സംവിധായകനും നടനും)
തമ്പി ആന്റണി
എബ്രഹാം വർഗീസിന്റെ 'ദ കവനെന്റ് ഓഫ് വാട്ടർ' ആണ് ഈയടുത്തു വായിച്ചതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പുസ്തകം. ഇന്ത്യക്ക് പുറത്ത് ജനിച്ച ഒരാൾ എഴുതിയ കേരളത്തെക്കുറിച്ചുള്ള പുസ്തകം. 1900 കളിലെ കേരളത്തിലെ ക്രിസ്ത്യാനികളുടെ പദപ്രയോഗങ്ങളും അവരുടെ ജീവിതശൈലികളും ഒക്കെ ഈ പുസ്തകത്തിൽ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. എഴുത്തുകാരന്റെ അപാരമായ ഒബ്സർവേഷൻ സ്കിൽ തന്നെയാണ് അതിൽ പ്രധാനമായിട്ടും എനിക്ക് തോന്നിയത്. ഒരു കാലഘട്ടത്തെ കൃത്യമായി അടയാളപ്പെടുത്താൻ ആ സ്കിൽ അദ്ദേഹത്തിന് ഉപകരിച്ചിട്ടുമുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. മലയാള പ്രയോഗങ്ങൾ അതേപടി ഇംഗ്ലീഷിൽ ഉപയോഗിച്ചിരിക്കുന്നതിലൂടെ കേരളത്തിന്റെ സംസ്കാരം കൃത്യമായി അടയാളപ്പെടുത്തുന്ന ഒരു നോവൽ.
(നടനും എഴുത്തുകാരനും)
ഡോ. വി. രാമൻകുട്ടി
ഒരു മാദ്ധ്യമ പ്രവർത്തകന്റെ അനുഭവക്കുറിപ്പുകളാണ് ബി.ആർ.പി. ഭാസ്കറുടെ ‘ന്യൂസ് റൂം’. പത്രപ്രവർത്തകൻ എന്ന നിലയിൽ ഏഴ് പതിറ്റാണ്ട് ചരിത്രത്തിനൊപ്പം സഞ്ചരിച്ച ബി.ആർ.പി.യുടെ അനുഭവക്കുറിപ്പുകൾ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രം കൂടിയാണ് എന്ന് ഉറപ്പിച്ചു പറയാൻ കഴിയും. ലോകത്തെ ന്യൂസ് റൂം ആയി കണ്ട ഒരു വ്യക്തിയുടെ ആത്മകഥ ആഖ്യാന രീതിയുടെ പ്രത്യേകത കൊണ്ട് മികച്ച വായനാനുഭവം നൽകുന്നു.
(പൊതുജന ആരോഗ്യവിദഗ്ദ്ധൻ)
സുസ്മേഷ് ചന്ദ്റോത്ത്
പ്രമേയത്തിന്റെ വ്യത്യസ്തത കൊണ്ടും ആഖ്യാനത്തിന്റെ വൈവിധ്യം കൊണ്ടും എന്നെ ആകർഷിച്ച കഥകളാണ് ആർ ജയകുമാറിന്റെ ചെഗുവേരയുടെ അസ്ഥിയിലുള്ളത്. എല്ലാവരും പോകുന്ന വഴിയിലൂടെ പോകാൻ ഇഷ്ടപ്പെടാത്ത ഒരു കഥാകൃത്തിന്റെ സാക്ഷ്യം ജയകുമാറിന്റെ കഥകളിൽ നിന്നും വായിച്ചെടുക്കാൻ പറ്റുന്നു.
(പ്രശസ്ത എഴുത്തുകാരനും
സംവിധായകനും)
ഷെറിൻ ഷഹാന
കെ. ബി വർമ്മയുടെ 'ഇന്ത്യൻ റെയിൽവേയ്സ്-സ്ട്രാറ്റജീസ് ഫോർ റീഫോംസ്' എന്ന പുസ്തകം അതിന്റെ ആഖ്യാന രീതി കൊണ്ട് എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. വയനാട്ടിൽ ജനിച്ചു വളർന്ന വ്യക്തിയാണ് ഞാൻ. അതുകൊണ്ട്തന്നെ പരിമിതമായ ട്രെയിൻ യാത്രകളാണ് എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ളതും. അതുകൊണ്ടുതന്നെ റെയിൽവേയെപ്പറ്റിയുള്ള കൂടുതൽ കാര്യങ്ങൾ ഈ പുസ്തകത്തിൽ നിന്നുമാണ് ഞാൻ മനസ്സിലാക്കിയത്. റെയിൽവേയുടെ വികസനങ്ങളും അത് പിന്നിട്ട നാൾവഴികളും എല്ലാം ഈ പുസ്തകത്തിൽ വ്യക്തമായി വിവരിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ റെയിൽവേയുമായി ബന്ധപ്പെട്ട സിവിൽ ആൻഡ് മെക്കാനിക്കൽ എൻജിനീയറിങ് കാര്യങ്ങളും ഒക്കെ എനിക്ക് ഈ പുസ്തകത്തിലൂടെ മനസ്സിലാക്കാൻ പറ്റി. ഒരു വിദ്യാർത്ഥിനി എന്ന നിലയിൽ എനിക്കേറെ പ്രയോജനപ്പെട്ട ഒരു പുസ്തകം കൂടിയായിരുന്നു 'ഇന്ത്യൻ റെയിൽവേയ്സ്-സ്ട്രാറ്റജീസ് ഫോർ റീഫോംസ് ".
( ഐ.എ.എസ് ഉദ്യോഗസ്ഥയാണ് ലേഖിക)
ജി.ആർ. ഇന്ദുഗോപൻ
കൊച്ചി പ്രസ് ക്ലബിന്റെ ഓർമ്മ പുസ്തകം ആണ് 'പത്രക്കാർ പറയാത്ത കഥകൾ'. പ്രസ് ക്ലബുമായി ബന്ധപ്പെട്ട ഓർമ്മകളും മുതിർന്ന പത്രപ്രവർത്തകരുടെ അനുഭവങ്ങളും ഒക്കെ കോർത്തിണക്കിയ ഒരു പുസ്തകമാണിത്. അരനൂറ്റാണ്ട് മുൻപുള്ള കേരളത്തിലെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളെയും പത്രപ്രവർത്തന രംഗത്തെയും പുസ്തകം അടയാളപ്പെടുത്തുന്നു. അടിയന്തിരാവസ്ഥയിലെ പത്രപ്രവർത്തനം, പൂർവസൂരികളായ പത്രപ്രവർത്തകർക്കിടയിലെ ആത്മബന്ധങ്ങളൊക്കെയും ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. വിവിധ മത രാഷ്ട്രീയ ചിന്തകൾ ഉള്ളവർ ഒരു ഡെസ്ക്കിന് ഇരുപുറവും ഇരുന്ന് ജോലി ചെയ്തിരുന്നതും, സാമൂഹിക കാര്യങ്ങളിൽ ഇടപെട്ടതുമെല്ലാം ഈ പുസ്തകത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു. പ്രസാധകർ പ്രണത ബുക്സാണ്.
(എഴുത്തുകാരനും തിരക്കഥാകൃത്തും)
സലിൻ മാങ്കുഴി
മറച്ചുവയ്ക്കുകയും പാഠപുസ്തകങ്ങളിൽ നിന്ന് അകറ്റി നിറുത്തുകയും ചെയ്ത ചരിത്രം വീണ്ടെടുക്കുന്നതിനുള്ള പരിശ്രമം അപൂർവമായെങ്കിലും വിജയം കാണുന്നുണ്ട്. അത്തരം വിജയങ്ങളിലൂടെ ദീർഘമായ ഒരു ഇരുണ്ടകാലം വെളിവാകും. ഒപ്പം ചരിത്രമെന്ന നിലയിൽ നാം പഠിച്ച പാഠങ്ങൾ വ്യാജ നിർമ്മിതിയായി മാറുകയും ചെയ്യും.
വിനിൽ പോളിന്റെ 'അടിമകേരളത്തിന്റെ അദൃശ്യ ചരിത്രം' എന്ന ലേഖന സമാഹാരം ഇത്തരത്തിൽ നമ്മുടെ ചില ധാരണകളുടെ നാലുകെട്ട് പൊളിച്ചു കളയുന്നു. കേരളത്തിൽ പരക്കെ ഉണ്ടായിരുന്ന അടിമക്കച്ചവടത്തെക്കുറിച്ച് ഈ പുസ്തകം തെളിവുകൾ നിരത്തുകയും ദളിത്ക്രൈസ്തവരുടെ ജീവിതത്തെക്കുറിച്ച് പറയുകയും ചെയ്യുന്നു.
ആരും കടന്നുചെല്ലാത്ത വഴിയിലൂടെ സഞ്ചരിച്ച് വിനിൽ പോൾ നടത്തുന്ന രചന അക്കാരണത്താൽ തന്നെ കഴിഞ്ഞ വർഷം വായിച്ച പുസ്തകങ്ങളിൽ ഏറെ പ്രിയപ്പെട്ടതായി ഞാൻ അടയാളപ്പെടുത്തുന്നു. നമ്മുടെ പൂർവ്വികരായ എണ്ണമറ്റ അടിമമനുഷ്യരെ അന്യരാജ്യങ്ങളിലേക്ക് നിർബാധം കടത്തിക്കൊണ്ടുപോയിട്ടുള്ളതു വായിച്ചറിയുമ്പോൾ ഈ ചരിത്രപുസ്തകത്തിൽ നിന്നും നെടുവീർപ്പുയരും. എത്രയെത്ര പൂർവികരാണ് വേരറ്റുപോയത്. അവർ പിന്നെ എങ്ങനെ ജീവിച്ചു കാണുമെന്ന ചിന്ത നമ്മെ അങ്കലാപ്പിലാക്കും. ആഗോള അടിമത്ത വ്യവസ്ഥയുമായി കണ്ണി ചേർക്കപ്പെട്ടു കിടക്കുന്ന കേരളത്തിന്റെ സാമൂഹ്യ അനുഭവങ്ങളെ ഈ പുസ്തകം തുറന്നു കാണിക്കുന്നു. 'അടിമ കേരളം' എന്ന തലക്കെട്ടു തന്നെ ഞെട്ടിപ്പിക്കുന്നതാണ്. തെളിവുകൾ ഒന്നും അവശേഷിപ്പിക്കാതെ നടത്തിയ ഒരു കുറ്റകൃത്യം കാലാനന്തരം സമർത്ഥമായി കണ്ടെത്തുന്ന ഒരു പൊലീസുദ്യോഗസ്ഥന്റെ സാമർത്ഥ്യത്തോടാണ് വിനിൽ പോൾ എന്ന ചരിത്രകാരന്റെ പ്രവർത്തിയെ ഉപമിക്കാൻ തോന്നുന്നത്. ചരിത്രമെന്ന പേരിൽ കള്ളക്കഥകൾ പ്രചരിപ്പിച്ചിരുന്നത് കുറ്റകൃത്യമാണെന്നും പുതിയ കാലം അതിനെ വിചാരണയ്ക്കും അന്വേഷണത്തിനും വിധേയമാക്കുമെന്നും ഒടുവിൽ അത് സാർത്ഥകമാകുമെന്നും ഈ പുസ്തകം കാട്ടിത്തരുന്നു. പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം (പി.ഭാസ്കരനുണ്ണി ) ജാതിവ്യവസ്ഥയും കേരള ചരിത്രവും (പി.കെ.ബാലകൃഷ്ണൻ) തുടങ്ങിയ പുസ്തകങ്ങളെപ്പോലെ സാധാരണ മനുഷ്യന്റെ ജീവിതത്തെയും അങ്കലാപ്പുകളെയും അടിസ്ഥാനമാക്കി ചരിത്രത്തെ പഠന വിധേയമാക്കുന്ന കൃതിയാണ് അടിമ കേരളത്തിന്റെ ആദ്യശ്യ ചരിത്രവും.
(എഴുത്തുകാരനും പി.ആർ.ഡി ഉദ്യോഗസ്ഥനുമാണ്)