keralaeeyam-

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ തലസ്ഥാനത്ത് നടന്ന കേരളീയം പരിപാടിയുടെ ഭാഗമായുള്ള കലാപരിപാടികളുടെ ചെലവ് പുറത്ത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന കലാപരിപാടികൾക്ക് 1.55 കോടി രൂപയാണ് സർക്കാർ ചെലവാക്കിയത്. കേരളത്തിന്റെ വികസന നേട്ടങ്ങൾ ലോക ശ്രദ്ധയിലേക്ക് എത്തിക്കാനെന്ന അവകാശത്തോടെയാണ് സർക്കാർ കേരളീയം പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടന സമാപന സമ്മേളനങ്ങൾ നടന്ന സെൻട്രൽ സ്റ്റേഡയത്തിലെ വേദിയിൽ ഏഴ് ദിവസവും കലാപരിപാടികളുണ്ടായിരുന്നു. അതേസമയം, കേരളീയം കഴിഞ്ഞ് രണ്ട് മാസമായിട്ടും സ്‌പോൺസർമാരുടെ വിശദാംശങ്ങൾ സർക്കാർ പുറത്തുവിട്ടിട്ടില്ല.

കേരളീയത്തിന്റെ ആദ്യ ദിനം നടി ശോഭനയുടെ നൃത്തം അവതരിപ്പിച്ചിരുന്നു. ഏട്ട് ലക്ഷം രൂപയാണ് ഇതിന് വേണ്ടി നൽകിയത്. രണ്ടാം ദിവസം ജിഎസ് പ്രദീപും മുകേഷ് എംഎൽഎയും ചേർന്ന് സംഘടിപ്പിച്ച സ്‌പെഷ്യൽ ഷോയ്ക്ക് 8,30,000 രൂപയാണ് ചെലവായതായി കണക്കിൽ കാണുന്നത്. മുരുകൻ കാട്ടാക്കടയുടെ നേതൃത്വത്തിൽ നടന്ന ഷോയ്ക്ക് 40,5000 രൂപയും കെഎസ് ചിത്രയുടെ ഗാനമേളയ്ക്ക് 2,05,0000 രൂപയുമാണ് നൽകിയത്. കലാമണ്ഡലം കലാകാരന്മാരുടെ ഫ്യൂഷൻ ഷോയ്ക്ക് 3,80,000 രൂപയും ചെലവായി.

സ്റ്റീഫൻ ദേവസിയും മട്ടന്നൂർ ശങ്കരൻകുട്ടിയും ചേർന്നൊരുക്കിയ പരിപാടിക്ക് 11,9000 രൂപയും സമാപന ദിവസം നടന്ന പ്രത്യേക ഷോയ്ക്ക് 9,90,000 രൂപയുമാണ് നൽകിയത്. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ഏഴ് പരിപാടിയുടെ കണക്ക് വിവരങ്ങൾ മാത്രമാണ് ഇപ്പോൾ പുറത്തുവന്നത്. പരിപാടിക്കായുള്ള തുക കണ്ടെത്താൻ സ്‌പോൺസർമാർരെ സമീപിക്കുമെന്നാണ് സർക്കാർ പറഞ്ഞത്. എന്നാൽ ഇതേ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല.