accident

ജയ്‌പൂർ: ഇൻസ്റ്റഗ്രാം റീൽസ് വീഡിയോ എടുക്കുന്നതിനായി അമിത വേഗത്തിൽ ഓടിച്ച കാർ അപകടത്തിൽപ്പെട്ട് നാലുപേർ മരിച്ചു. രാജസ്ഥാനിലെ ജയ്‌സാൽമറിലാണ് സംഭവം. അലക്ഷ്യമായി ഓടിച്ച കാർ മറ്രൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. റോഡ് മുറിച്ചുകടക്കുകയായിരുന്ന 13കാരനും അമ്മയും അപകടത്തിൽ മരിച്ചു.

വാഹനം ഓടിച്ചിരുന്നയാൾ മദ്യലഹരിയിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. റോഡ് മുറിച്ചുകടക്കുകയായിരുന്ന മനീഷ്, അമ്മ കല എന്നിവർക്ക് പുറമേ കാറിലുണ്ടായിരുന്ന റോഷൻ ഖാൻ, ഭവാനി സിംഗ് എന്നിവരാണ് മരിച്ചത്. കാർ മറ്റൊരു വാഹനത്തിലേയ്‌ക്കാണ് ഇടിച്ചുകയറിയതെന്നും അതിലുണ്ടായിരുന്നവർക്ക് പരിക്കേറ്റിട്ടുണ്ടെന്നും പൊലീസ് പറ‌ഞ്ഞു.

ഒരു പശുവിനെയും ഇവര്‍ കാറിടിച്ച് കൊന്നു. ദേവികോട്ട് എന്ന സ്ഥലത്താണ് അപകടം സംഭവിച്ചത്. ജയ്സല്‍മറില്‍ നിന്ന് ബാര്‍മെറിലേക്ക് പോവുകയായിരുന്നു വാഹനം. കാറോടിച്ചിരുന്നയാളും ഒപ്പമുണ്ടായിരുന്ന മറ്റൊരാളും അപകടം നടന്ന ഉടനെ ഓടി രക്ഷപ്പെട്ടു. നേരത്തെ ഒരു ബാരിക്കേഡില്‍ വാഹനം നിര്‍ത്താതെ സംഘം അതിവേഗത്തില്‍ ഓടിച്ചുപോയിരുന്നു എന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും ഡ്രൈവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.