online-game

തിരുവനന്തപുരം: പണംവച്ചുള്ള ഓൺലൈൻ ഗെയിമുകൾക്കും ചൂതാട്ടങ്ങൾക്കും വാതുവയ്പ്പിനും 28% നികുതി ഈടുക്കാനുള്ള ഓർഡിനൻസിൽ ഗവർണർ ഒപ്പുവച്ചതോടെ ഇവ കേരളത്തിൽ നിയമവിധേയമായി. മുപ്പതോളം പേരുടെ ആത്മഹത്യയ്ക്കിടയാക്കുകയും ആയിരക്കണക്കിനാളുകളെ കടബാദ്ധ്യതയിലാക്കുകയും ചെയ്ത ഓൺലൈൻ ഗെയിമുകൾ നിരോധിക്കാൻ നിയമനിർമ്മാണം വേണമെന്ന് ആഭ്യന്തര, നിയമ വകുപ്പുകൾ ശുപാർശ ചെയ്തിരുന്നതാണ്. മുഖ്യമന്ത്രി നിയമസഭയിലും ഇക്കാര്യം പറഞ്ഞിരുന്നു.

പ്രതിവർഷം അരലക്ഷം കോടിയോളം രൂപയുടെ പണമിടപാട് നടക്കുന്നതിനാൽ നികുതി ഈടാക്കാൻ

ജി.എസ്.ടി കൗൺസിൽ നിർദേശിച്ചിരുന്നു. വിദേശത്തായാലും രജിസ്ട്രേഷൻ നിർബന്ധം. പണമിടപാട് ഡിജിറ്റൽ സ്വത്തായി കണക്കാക്കി നികുതി ഈടാക്കും. ഗെയിം സൃഷ്ടിക്കുക, നടത്തുക, വിദേശത്തുനിന്നടക്കം പണം കൈമാറുക തുടങ്ങിയതിനെല്ലാം നികുതി ചുമത്തും.

2021ൽ സർക്കാർ നിരോധിച്ചെങ്കിലും ഗെയിമിംഗ് കമ്പനികളുടെ ഹർജിയിൽ ഹൈക്കോടതി അതു റദ്ദാക്കി.സർക്കാരിന്റെ അപ്പീൽ പരിഗണനയിലാണ്. വിധി മറികടക്കാനാണ് നിയമഭേദഗതിക്ക് ആഭ്യന്തര, നിയമ വകുപ്പുകൾ ശുപാർശ ചെയ്തത്. ഓൺലൈൻ ലോട്ടറി നിരോധിച്ചത് നിയമ ഭേദഗതിയിലൂടെയായിരുന്നു.

ജീവനൊടുക്കിയവരിൽ ഐ.എസ്.ആർ.ഒ കരാർ ജീവനക്കാരൻ മുതൽ തൃശൂരിലെ 14കാരൻ വരെയുണ്ട്. ട്രഷറി, ബാങ്ക് നിക്ഷേപങ്ങൾ തിരിമറി നടത്തി ഗെയിംകളിച്ച് കോടികൾ കളഞ്ഞ ഉദ്യോഗസ്ഥരുമുണ്ട്. പഞ്ചാബ് നാഷണൽ ബാങ്കുദ്യോഗസ്ഥൻ ചൂതാട്ടത്തിനായി കോഴിക്കോട് കോർപ്പറേഷന്റെ അക്കൗണ്ടിൽ നിന്ന് എട്ട് കോടി തട്ടിയെടുത്തിരുന്നു.

കെണിയിൽ വീഴ്ത്തി പണം തട്ടും

1. ഫ്രീ-ഗെയിമുകൾക്ക് ഓഫർ നൽകും

2.ക്രമേണ ചൂതാട്ടത്തിലേക്ക് നയിക്കും

3.മറുഭാഗത്ത് കളിക്കുന്നത് നിർമ്മിതബുദ്ധി പ്രോഗ്രാം

4. ബോണസ് നൽകി പ്രോത്സാഹിപ്പിക്കും

5. കളിക്കാൻ വായ്പ നൽകാനും മൊബൈൽ ആപ്പ്

6.കടക്കെണിയിലാവുന്നതോടെ ജീവനൊടുക്കും

ജീവനൊടുക്കിയവർ

42 ലക്ഷം കടബാദ്ധ്യതയുണ്ടായ കൊല്ലത്തെ കാമറാമാൻ

25ലക്ഷം കടംകയറി ഐ.എസ്.ആർ.ഒ കരാർ ജീവനക്കാരൻ

ബൈക്ക് പണയംവച്ച് കളിച്ച ആലപ്പുഴയിലെ എൻജി. വിദ്യാർത്ഥി‌

ഗെയിംകളിക്ക് പിതാവ് വഴക്കുപറഞ്ഞതിന് കട്ടപ്പനയിലെ 14കാരൻ

2കോടി ലോണെടുത്ത് ഗെയിംകളിച്ച പത്തനംതിട്ടയിലെ 32കാരൻ

ചിറയൻകീഴിലെ എട്ടാംക്ലാസുകാരൻ സാബിത്

മൂന്നുലക്ഷം നഷ്ടമായ കോഴിക്കോട്ടെ 24കാരൻ

56,995 കോടി: വിറ്റുവരവ് (ഇന്ത്യയിലെ ഓൺലൈൻ ഗെയിം വ്യവസായം 2026ൽ പ്രതീക്ഷിക്കുന്നത്)

5 കോടി പേർ: ആഴ്ചയിൽ 8 മണിക്കൂർ വരെ ഗെയിം കളിക്കുന്നുണ്ട്