
ഡൽഹി സർവകലാശാലയുടെ ഡീൻ സ്റ്റുഡന്റ് വെൽഫെയർ ഓഫീസ് 2023-24 സാമ്പത്തിക സഹായ പദ്ധതിയിൽ (എഫ് എസ് എസ്) മാറ്റം. ഇനി മുതൽ എട്ട് ലക്ഷം രൂപയിൽ താഴെ കുടുംബ വാർഷിക വരുമാനമുള്ള വിദ്യാർത്ഥികൾക്കും സാമ്പത്തിക സഹായത്തിനായി അപേക്ഷിക്കാം. യോഗ്യരായ വിദ്യാർത്ഥികൾക്ക് ജനുവരി 10 വെെകുന്നേരം അഞ്ചുമുതൽ അപേക്ഷകൾ സമർപ്പിക്കാം.
ഈ സ്കീമിലൂടെ ബിരുദ/ ബിരുദാനന്തര വിദ്യാർത്ഥികൾക്ക് ഫീസിൽ വിപുലമായ ഇളവുകൾ ലഭിക്കുന്നു. നാല് ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ളവർക്ക് 100ശതമാനമാണ് ഫീസിളവ് ലഭിക്കുക. നാല് മുതൽ എട്ട് ലക്ഷം രൂപവരെ കുടുംബ വാർഷിക വരുമാനമുള്ളവർക്ക് 50ശതമാനമാണ് ഇളവ്. പരിക്ഷയും ഹോസ്റ്റൽ ഫീസും ഒഴികെയുള്ള എല്ലാ ഫീസുകളിലും ഇളവുകൾ ഉൾപ്പെടുന്നു.
അപേക്ഷിക്കേണ്ട രീതി
വിദ്യാർത്ഥികൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗം/മറ്റ് പിന്നാക്ക വിഭാഗം നോൺ-ക്രീമി ലെയർ സർട്ടിഫിക്കറ്റുകൾ, ആദായനികുതി റിട്ടേണുകൾ, പാൻ കാർഡ്, സത്യവാങ്‌മൂലം, അക്കാദമിക് സർട്ടിഫിക്കറ്റ്, മാർക്ക് ഷീറ്റ്, ഫീസ് രസീത്, ബാങ്ക് പാസ്ബുക്ക് എന്നിവ സമർപ്പിക്കണം.
Dean Students' Welfare Office Announces FINANCIAL SUPPORT SCHEME (FSS) 2023-24
— University of Delhi (@UnivofDelhi) January 3, 2024
Please click here for FAQs - https://t.co/holbw1jnRq pic.twitter.com/wL8MKYH8gf
ബിടെക് (കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്), അഞ്ച് വർഷത്തെ നിയമ ബിരുദം (BA LLB/ BBA LLB) പോലുള്ള ചില കോഴ്സുകൾക്ക് ഈ ഇളവ് ലഭിക്കുന്നതല്ല. അപേക്ഷയ്ക്ക് EWS/OBC-NCL-ന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ വാർഷിക കുടുംബ വരുമാന സർട്ടിഫിക്കറ്റ് ആവശ്യമാണ്. അച്ഛൻ, അമ്മ, അവിവാഹിതരായ സഹോദരന്മാർ/ സഹോദരികൾ എന്നിവരുടെയും പാൻ കാർഡുകൾ ആവശ്യമാണ്.
അപേക്ഷകൻ ഒപ്പിട്ട ഒരു സത്യവാങ്‌മൂലം, അക്കാദമിക് സർട്ടിഫിക്കറ്റ്, മാർക്ക് ഷീറ്റ്, ഫീസ് രസിത്, വിദ്യാർത്ഥിയുടെ പേര്, അക്കൗണ്ട് നമ്പർ, IFSC കോഡ് രേഖപ്പെടുത്തിയ പാസ്ബുക്ക് എന്നിവ ഔദ്യോഗിക വെബ്‌സൈറ്റിൽ സമർപ്പിക്കണം. മുൻപ് ഏതെങ്കിലും പരീക്ഷകളിൽ തോറ്റ് രണ്ടാം തവണ എഴുതി ജയിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ സ്കീമിൽ അപേക്ഷിക്കാൻ കഴിയില്ല.