
തിരുവനന്തപുരം: ഇളയ മക്കളായ ഭാവ്നി, മാധവ് എന്നിവർക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചതിന്റെ ചിത്രങ്ങൾ പങ്കുവച്ച് നടൻ സുരേഷ് ഗോപി. മഹിളാമോർച്ച സംഘടിപ്പിച്ച സ്ത്രീ സംഗമത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി തൃശൂരിൽ എത്തിയപ്പോഴാണ് സന്ദർശനം
പ്രധാനമന്ത്രി തൃശൂരിൽ നടത്തിയ റോഡ് ഷോയിൽ സുരേഷ് ഗോപിയും പങ്കെടുത്തിരുന്നു. നേരത്തെ മൂത്ത മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് നരേന്ദ്ര മോദിയെ ക്ഷണിക്കാൻ സുരേഷ് ഗോപിയും കുടുംബവും ഡൽഹിയിൽ എത്തിയിരുന്നു. ഭാര്യ രാധികയ്ക്കും മകൾ ഭാഗ്യ സുരേഷിനും ഒപ്പമാണ് സുരേഷ് ഗോപി വിവാഹ ക്ഷണക്കത്ത് മോദിക്കു കൈമാറിയത്.
ജനുവരി 17ന് ഗുരുവായൂരിൽ വച്ചാണ് വിവാഹം. താമര രൂപത്തിലുള്ള ആറന്മുള കണ്ണാടിയും സുരേഷ് ഗോപിയും കുടുംബവും പ്രധാനമന്ത്രിക്കു സമ്മാനിച്ചു. കുടുംബാംഗങ്ങളുടെ നേതാവ് എന്ന അടിക്കുറിപ്പോടെ ഈ ചിത്രം സമൂഹമാദ്ധ്യമത്തിൽ സുരേഷ്‌ഗോപി പങ്കുവച്ചു. ശ്രേയസ് മോഹൻ ആണ് വരൻ. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ് ബിസിനസുകാരനാണ്.