
ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ അനാഥാലയത്തിൽ നിന്ന് 26 പെൺകുട്ടികളെ കാണാതായതായി റിപ്പോർട്ട്. ഗുജറാത്ത്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള 26 പെൺകുട്ടികളെയാണ് രജിസ്റ്റർ ചെയ്തിട്ടില്ലാത്ത അനാഥാലയത്തിൽ നിന്ന് കാണാതായത്. സംഭവത്തിൽ സ്ഥാപനത്തിന്റെ മാനേജരായ അനിൽ മാത്യുവിനെതിരെയും അനാഥാലയം നടത്തിപ്പുകാർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. കാണാതായ പെൺകുട്ടികൾ ഇപ്പോൾ എവിടെയാണെന്ന് അജ്ഞാതമാണ്.
അനാഥാലയത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ സന്ദർശനം നടത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രേഖകളിൽ 68 പെൺകുട്ടികളുടെ പേര് സൂചിപ്പിച്ചിരുന്നുവെങ്കിലും അതിൽ 26 പേരെ കാണാതായതായി കണ്ടെത്തി. ആറിനും 18നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇവരിൽ നിന്നാണ് 26പേരെ കാണാതായത്. ചിൽഡ്രൻസ് ഹോം പ്രവർത്തിക്കുന്നത് ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചല്ലെന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
സംഭവത്തിൽ ചീഫ് സെക്രട്ടറിയോട് ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇടപെടൽ ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാനും രംഗത്തെത്തി. പെൺകുട്ടികളുടെ അനാഥാലയത്തിൽ രാത്രി വനിതാ ഗാർഡുകളെ നിർത്തണമെന്നാണ് ഉത്തരവ്. എന്നാൽ ഇവിടെ രാത്രി പുരുഷ ഗാർഡുകളെയാണ് നിർത്തുന്നതെന്നും ബാലാവകാശ കമ്മിഷൻ കണ്ടെത്തി.
National Commission for the Protection of Child Rights (NCPCR) chief Priyank Kanoongo writes to the Madhya Pradesh Chief Secretary regarding a children's home that is allegedly unregistered and where 26 girls were reportedly found missing. pic.twitter.com/7ZkggbAnsV
— ANI MP/CG/Rajasthan (@ANI_MP_CG_RJ) January 6, 2024