manoj

സാമൂഹിക വിഷയങ്ങളെക്കുറിച്ച് പ്രതികരിക്കുന്നയാളാണ് നടൻ മനോജ് കുമാർ. അത്തരത്തിൽ നടനും മന്ത്രിയുമായ ഗണേഷ് കുമാറിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

'കീഴൂട്ട് ബാലകൃഷ്ണൻ മകൻ ഗണേഷ് കുമാർ... അദ്ദേഹമാണ് ഈ വീഡിയോയിലെ നായകൻ. ഞാൻ ഗണേഷേട്ടൻ എന്നുവിളിക്കുന്ന, വേറെയൊന്നുമല്ല എന്റെ സഹപ്രവർത്തകനാണ്. ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. നടീ നടന്മാരുടെ സംഘടനയായ ആത്മ സ്ഥാപിച്ചതും അതിന്റെ ആസ്ഥാന പ്രസിഡന്റുമാണ് അദ്ദേഹം. ഞങ്ങൾക്ക് എന്നുമൊരു കരുത്തായി നിൽക്കുന്ന ഒരു വ്യക്തിത്വമാണ്. അതുകൊണ്ടല്ല ഞാൻ അദ്ദേഹത്തെക്കുറിച്ച് ഇപ്പോൾ കാര്യങ്ങൾ പറയുന്നത്. ഗണേഷേട്ടൻ ഒരു മണ്ണുണ്ണിയോ, യാതൊരു ഗുണവുമില്ലാത്ത മനുഷ്യനോ ആയിരുന്നെങ്കിൽ ഞാൻ ആ മനുഷ്യനെക്കുറിച്ച് മിണ്ടുകകൂടിയില്ല.

പക്ഷേ ഈ മനുഷ്യനെക്കുറിച്ച് എനിക്ക് പറയാതിരിക്കാനാകില്ല. ഒരുപാട് ബന്ധവും കാര്യങ്ങളുമെല്ലാമുണ്ടെങ്കിലും ഞാൻ ഒരിക്കലും തിരഞ്ഞെടുപ്പ് പ്രചാരണത്തിനോ കാര്യങ്ങൾക്കോ പോയിട്ടില്ല. ഞാൻ ആകെ പോയത് ഗണേഷേട്ടന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ്. അത് വളരെ നിർണായകമായ സമയമായിരുന്നു. യു ഡി എഫിൽ നിന്ന് അദ്ദേഹം എൽ ഡി എഫിലേക്ക് വന്ന സമയം. ആ സമയം ഞാനൊരു കോൺഗ്രസ് അനുഭാവിയാണ്. ഇടതുപക്ഷത്തിന് വേണ്ടി പാനലിൽ നിൽക്കുന്ന ഗണേഷേട്ടന് വേണ്ടി പ്രസംഗിക്കാൻ ഞാൻ പത്തനാപുരത്ത് പോയി.

അന്ന് ഞാൻ അവിടെ പ്രസംഗിച്ചത്, ഒറ്റക്കാര്യമേയുള്ളൂ. ഞാൻ ഈ മനുഷ്യനെ ഇഷ്ടപ്പെടുന്നു. രാഷ്ട്രീയക്കാരനായ കെ ബി ഗണേഷ്‌കുമാറിനെ ഇഷ്ടപ്പെടുന്നയാളാണ് ഞാൻ. അദ്ദേഹം വളരെ കർമനിരതനായ, ജനങ്ങളോട് കൂറും ആത്മാർത്ഥതയും പുലർത്തുന്നയാളാണ്. സുഹൃത്തുക്കളേ ഈ മനുഷ്യന് എത്ര ഭൂരിപക്ഷം കൊടുക്കാൻ പറ്റും. ജയിക്കുമെന്ന കാര്യത്തിൽ എനിക്ക് വലിയ സംശയമൊന്നുമില്ലെന്നാണ് അന്ന് ഞാൻ പ്രസംഗിച്ചത്.

അദ്ദേഹം വൻ ഭൂരിപക്ഷത്തോടെ ജനിച്ചു. അദ്ദേഹം എൽ ഡി എഫ് അല്ല, യു ഡി എഫ് അല്ല ബി ജെ പി അല്ല സ്വതന്ത്രനായി നിന്നാലും പത്തനാപുരംകാർക്ക് അങ്ങേരെ വിട്ടിട്ടൊരു കളിയില്ല. അവർക്ക് ഇങ്ങേരില്ലാതെ പറ്റില്ല.

2001ൽ എം എൽ എയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം പിന്നീടുള്ള കാലഘട്ടം ചരിത്രമാണ്. കേരളത്തിലെ ജനങ്ങൾക്ക്, പ്രത്യേകിച്ച് പത്തനാപുരത്തെ ജനങ്ങൾക്ക് ഒരു വല്ലാത്ത നിർവൃതിയും അത്ഭുതവുമായിരുന്നു. കാരണം യാതൊരു വിലയും കൽപ്പിക്കാത്ത ഈ ചെറുപ്പക്കാരൻ എം എൽ എയെന്ന രീതിയിൽ എന്തൊക്കെ ചെയ്യുന്നെന്ന് അത്ഭുതത്തോടെയാണ് കണ്ടത്. വലിയ സീനിയോറിട്ടിയുള്ള രാഷ്ട്രീയക്കാർ ചിന്തിക്കുന്നതിലപ്പുറം ഈ ചെറുപ്പക്കാരൻ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും കണ്ടറിഞ്ഞതാണ്. പിന്നെ അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. അഞ്ച് തവണയാണ് എം എൽ എയായി ഇരിക്കുന്നത്.


ബാലകൃഷ്ണൻ സാറിന് ജയിലിൽ പോകേണ്ടിവന്നപ്പോൾ അദ്ദേഹം തത്ക്കാലികമായി മന്ത്രിയായി. ഗതാഗത വകുപ്പ് തന്നെയായിരുന്നു. ജനിച്ച കാലം തൊട്ട് കഷ്ടകാലം പിടിച്ച കെ എസ് ആർ ടി സി യെ ആ മനുഷ്യൻ മന്ത്രിയായി വന്ന് നിസാര സമയം കൊണ്ട് ഇത് വിജയിപ്പിക്കാൻ കഴിയുമെന്ന് കാണിച്ച് ഞെട്ടിച്ചു. എം എൽ എയായ ഗണേഷ് കുമാറിനപ്പുറം മന്ത്രിയായ ഗണേഷ് കുമാർ കേരളത്തിലെ ജനങ്ങളെ ഞെട്ടിച്ചു. മിന്നൽ പരിശോധന എന്നുപറഞ്ഞാൽ, ഒറ്റയ്‌ക്കൊരു കാറൊക്കെയെടുത്ത് സെക്രട്ടറിയോട് പോലും പറയാതെ ഡിപ്പോയിലൊക്കെ ചെന്നു. ഈ മനുഷ്യൻ എപ്പോൾ വേണമെങ്കിലും എവിടെ വേണമെങ്കിലും വരാമെന്നൊരു ഭീതി എല്ലാവർക്കുമുണ്ടായി. എനിക്ക് ഏറ്റവും വലുത് ജനമാണെന്ന് ചിന്തിച്ചാണ് അദ്ദേഹം പോയത്. ഇതാണ് മന്ത്രി, ഇതാവണം മന്ത്രി, ഇങ്ങനെയാകണം മന്ത്രിയെന്ന് ജനങ്ങൾ കക്ഷി രാഷ്ട്രീയ ഭേദമന്യേ പറഞ്ഞ കാര്യമാണ്. അച്ഛൻ തിരിച്ചുവന്ന ശേഷം മന്ത്രി പദം തിരിച്ചുകൊടുത്തു.

അദ്ദേഹത്തിന് ഭയങ്കര ദീർഘവീക്ഷണമാണ്. നിങ്ങൾ കണ്ടോ, രണ്ടരവർഷം കൊണ്ട് ആ മനുഷ്യൻ ഗതാഗത വകുപ്പിനെ മാറ്റിമറിക്കും. അതിൽ ആര് അസൂയപ്പെട്ടിട്ടും കാര്യമില്ല. അദ്ദേഹം മന്ത്രിയായിക്കഴിഞ്ഞാൽ പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും എല്ലാവർക്കും തലവേദനയാണ്. അതാണ് ഞാൻ തമ്പ്‌നെയിലിൽ പറഞ്ഞത്. ഈ മനുഷ്യൻ നല്ല രീതിയിൽ എല്ലാം ചെയ്യുമ്പോൾ മറ്റുള്ള മന്ത്രിമാർക്ക് നേരെ ചോദ്യം വരും. അപ്പോൾ സ്വന്തം പാർട്ടിയിലും പുള്ളിക്ക് ശത്രുക്കളുണ്ട്. അച്ഛൻ തിരിച്ച് ഗതാഗതമന്ത്രിയായി തിരിച്ച് ചാർജെടുത്ത്, അദ്ദേഹം രാജിവച്ച ദിനം കേരളത്തിൽ ഉദ്യോഗസ്ഥരുടെ വലിയ പാർട്ടി നടന്നു. കാരണം വലിയൊരു തലവേദന ഒഴിഞ്ഞുപോയിരിക്കുകയല്ലേ. അദ്ദേഹത്തെ നിയന്ത്രിക്കാൻ ആർക്കും പറ്റില്ല. അദ്ദേഹത്തിന് തെറ്റാണെന്ന് തോന്നുന്ന കാര്യം സ്വന്തം അച്ഛൻ പറഞ്ഞാൽ പോലും അംഗീകരിക്കില്ല. ഇങ്ങനെയുള്ള ആളുകളെയാണ് നമുക്ക് വേണ്ടത്.

സ്വന്തം മുന്നണിയിൽപോലും അദ്ദേഹം പല വകുപ്പുകളെയും ചോദ്യം ചെയ്തല്ലോ. നല്ല ചങ്കൂറ്റത്തോടെ. ആരെങ്കിലും ചോദ്യം ചെയ്തിട്ടുണ്ടോ. ഇരട്ടച്ചങ്കൻ എന്നുപറയുന്ന നമ്മുടെ മുഖ്യമന്ത്രിയുടെ മുന്നിൽ ആരെങ്കിലും അങ്ങനെ ചോദ്യം ചെയ്യാൻ വരുമോ. പക്ഷേ ഈ മനുഷ്യൻ വരും. അദ്ദേഹം ഇരട്ടച്ചങ്കനൊന്നുമല്ല, മുച്ചങ്കനാണ്.'- മനോജ് പറഞ്ഞു.