
തിരുവനന്തപുരം: അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് മന്ത്രി ഗണേഷ് കുമാറിനും ക്ഷണം. വാളയത്തെ വീട്ടിലെത്തിയാണ് ആർ എസ് എസ് നേതാക്കൾ മന്ത്രിയെ ക്ഷണിച്ചത്. ജനുവരി 22നാണ് അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്. അയോദ്ധ്യയിലേക്ക് നിരവധി രാഷ്ട്രീയ സിനിമാ മേഖലയിൽ ഉള്ളവർക്ക് ക്ഷണമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
മാതാ അമൃതാനന്ദമയി, മോഹൻലാൽ, ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ, യോഗ ഗുരു ബാബ രാംദേവ്, പ്രമുഖ വ്യവസായികളായ മുകേഷ് അംബാനി, അനിൽ അംബാനി, അമിതാഭ് ബച്ചൻ, രജനികാന്ത് അടക്കമുള്ളവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നാണ് വിവരം.
പ്രതിഷ്ഠ സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്, ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് നൃത്യ ഗോപാൽ ദാസ് എന്നിവർ ശ്രീകോവിലിൽ സന്നിഹിതരായിരിക്കും.
അതേസമയം, പ്രശസ്ത ശില്പിയും മെെസൂരു സ്വദേശിയുമായ യോഗിരാജ് അരുണിന്റെ ശില്പമാണ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുക. ക്ഷേത്ര ട്രസ്റ്റ് വോട്ടെടുപ്പിലൂടെയാണ് വിഗ്രഹം തിരഞ്ഞെടുത്തത്. കേന്ദ്രമന്ത്രി പ്രഹ്‌ലാദ് ജോഷിയാണ് ഇക്കാര്യം സോഷ്യൽ മീഡിയ പേജുകളിലൂടെ അറിയിച്ചത്.