
വടക്കഞ്ചേരി: ബസ് സ്റ്റാൻഡിലുള്ള സപ്ലൈകോ സൂപ്പർ മാർക്കറ്റ് രണ്ടുതവണ കുത്തിതുറന്ന് പണം മോഷ്ടിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടാഴി കിഴക്കേത്തറ കുളത്തിങ്കൽ വീട്ടിൽ ഹരിദാസ് (29), മലമ്പുഴ കണയങ്കാവ് കടുക്കാക്കുന്നം സന്തോഷ് (35) എന്നിവരാണ് അറസ്റ്റിലായത്. 2023 മാർച്ച് 11നും ജൂൺ 26നുമാണ് മോഷണം നടന്നത്. ആദ്യം 2.88 ലക്ഷവും പിന്നീട് 1500 രൂപയുമാണ് നഷ്ടപ്പെട്ടത്. മാനേജരുടെ ക്യാബിനിലെ മിനിലോക്കറിൽ സൂക്ഷിച്ച പണമാണ് കവർന്നത്.
സിവിൽ സർവീസ് പരീക്ഷയ്ക്ക് ഉൾപ്പെടെ തയ്യാറെടുക്കുന്ന വണ്ടാഴി സ്വദേശി ഹരിദാസാണ് മോഷണം ആസൂത്രണം ചെയ്തത്. മോഷണത്തിന് ശേഷം പ്രതികൾ സഞ്ചരിച്ച ബൈക്കാണ് കേസിന് വഴിതിരിവായത്. 2022 ഡിസംബറിൽ നെന്മാറയിൽ നിന്ന് മോഷ്ടിച്ച ബൈക്ക് ഉപയോഗിച്ചാണ് മോഷണമെന്ന് കണ്ടെത്തി. ചന്ദ്രനഗറിൽ ബീവറേജസ് കുത്തിതുറന്ന് 65,000 രൂപ കവർന്നതും ഇവർ തന്നെയാണ്. കഴിഞ്ഞ ക്രിസ്മസിന് ചിറ്റിലഞ്ചേരി കടമ്പിടിയിൽ മോഷണം നടത്താൻ ശ്രമിച്ചെങ്കിലും പട്ടി കുരച്ചതിനാൽ ഉപേക്ഷിച്ചു. അറസ്റ്റിലായ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി ചിറ്റൂർ കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു.
ഹരിദാസ്, സന്തോഷ്