arrest

കൊടുങ്ങല്ലൂർ : വായ്പ വാങ്ങിയ പണം തിരികെ ചോദിച്ച് വീട്ടിലെത്തിയതിന്റെ പ്രതികാരമായി യുവാക്കളെ ആക്രമിച്ച കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പടാകുളം അടിമപ്പറമ്പിൽ മുഹമ്മദ് സ്വാലിഹ് (23), ലോകമലേശ്വരം കൊമ്പനേഴത്ത് മുഹമ്മദ് മുസ്തഫ (23), അഴീക്കോട് പേബസാർ വയ്യാട്ടുകുണ്ടിൽ മുഹമ്മദ് ഈസ(25), എറിയാട് മേനോൻ ബസാർ കുഴിക്കണ്ടത്തിൽ നൗഫൽ (22) എന്നിവരാണ് അറസ്റ്റിലായത്. പ്രതിയായ മുഹമ്മദ് സ്വാലിഹിന്റെ വീട്ടിൽ ചെന്നതിലുള്ള വിരോധത്താൽ വ്യാഴാഴ്ച വൈകിട്ട് മേനോൻ ബസാർ ജംഗ്ഷന് വടക്ക് വശത്തുള്ള വർക്ക് ഷോപ്പിന് മുൻവശം വച്ച് സ്റ്റീൽപൈപ്പ്, ഷോക്ക് അബ്‌സോർബറിന്റെ ട്യൂബ് എന്നിവകൊണ്ട് പരാതിക്കാരനെയും കൂട്ടുകാരെയും അടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ബൈക്ക് അടിച്ച് പൊളിക്കുകയും ചെയ്‌തെന്നാണ് കേസ്. ആക്രമണത്തിൽ മുഖത്തിന്റെ എല്ല് പൊട്ടുകയും തലയ്ക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്ത എടവിലങ്ങ് കുഞ്ഞയനി താട്ടാരിൽ വീട്ടിൽ വൽസൻ മകൻ വിപിൻ (27) തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അറസ്റ്റിലായ മുഹമ്മദ് സ്വാലിഹ് മയക്കുമരുന്ന് കച്ചവടം, അടിപിടി തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ്. മറ്റ് പ്രതികൾക്കെതിരെയും കേസുകൾ നിലവിലുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ എടവിലങ്ങ് കുഞ്ഞായനി തേവാലിൽ വീട്ടിൽ സത്യൻ മകൻ സംഗീതിന്റെ(26) മൊഴി പ്രകാരം കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെയാണ് പ്രതികൾ അറസ്റ്റിലായത്. സംഗീത് കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റ് നിരവധി കേസുകളിൽ പ്രതികളായ പ്രതികൾക്കെതിരെ കാപ്പ തുടങ്ങിയ നടപടികൾ സ്വീകരിക്കുന്നതാണെന്ന് കൊടുങ്ങല്ലൂർ പൊലീസ് പറഞ്ഞു.
കാപ്ഷൻ............
അറസ്റ്റിലായ പ്രതികൾ.