കൊച്ചി: മകളെ ശല്യംചെയ്‌തെന്ന് ആരോപിച്ച് എറണാകുളം മുളവുകാട്ടിൽ വനിതാ പഞ്ചായത്ത് അംഗവും ഭർത്താവും സുഹൃത്തും ചേർന്ന് 15കാരനെ മർദ്ദിച്ച് വാരിയെല്ലൊടിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾക്കും മർദ്ദനമേറ്റു. മുളവുകാട് സ്വദേശിയായ വിദ്യാർത്ഥിക്കാണ് പുതുവർഷ പുലരിയിൽ മർദ്ദനമേറ്റത്. കുട്ടി എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ വനിതാ പഞ്ചായത്ത് അംഗം, ഭർത്താവ്, സുഹൃത്ത് എന്നിവരെ പ്രതിചേർത്ത് മുളവുകാട് പൊലീസ് കേസെടുത്തു. 15കാരന്റെ സുഹൃത്തിന്റെ പരാതിയിലാണ് കേസ്. മൂവരും ഒളിവിലാണ്.
മുളവുകാട് പൊന്നാരിമംഗലം ക്രിസ്തുരാജ പള്ളിയിൽ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഡി.ജെ. പാർട്ടിക്കിടെയാണ് സംഭവം. ഡി.ജെ പാട്ടിനൊപ്പം ഡാൻസ് കളിക്കുകയായിരുന്ന 15കാരനെ പ്രതികൾ വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ മർദ്ദിക്കുകയായിരുന്നു. നിലത്തുവീണ 15കാരനെ ചവിട്ടിയതായും സുഹൃത്ത് നൽകിയ പരാതിയിൽ പറയുന്നു. രക്ഷപെടുത്താനുള്ള ശ്രമത്തിനിടെയാണ് സുഹൃത്തുകൾക്ക് മർദ്ദനമേറ്റത്. പഞ്ചായത്ത് അംഗം കഴുത്തിന് പിടിച്ച് മതിലിൽ ഇടിപ്പിച്ചെന്നും തലയ്ക്ക് മർദ്ദിച്ചെന്നുമാണ് സുഹൃത്ത് പൊലീസിന് മൊഴി നൽകിയത്. തുടർന്ന് സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന വകുപ്പിട്ട് പൊലീസ് കേസെടുത്തു.
വാരിയെല്ലിന് പൊട്ടലുണ്ടെന്ന് മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വകുപ്പ് ചുമത്താനിരിക്കെയാണ് പ്രതികൾ ഒളിവിൽ പോയത്. മകളെ ഉപദ്രവിച്ചെന്ന് കാട്ടി വനിതാ പഞ്ചായത്ത് അംഗം നൽകിയ പരാതിയിൽ പരിക്കേറ്റ 15കാരനെതിരെ പൊലീസ് കേസെടുത്തു. അതേസമയം പൊലീസിൽ നിന്ന് അനുമതി വാങ്ങാതെയാണ് ഡി.ജെ. നടത്തിയതെന്ന ആരോപണം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പഞ്ചായത്ത് അംഗത്തിന്റെ വീട്ടിലേക്ക് ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും മാർച്ച് നടത്തി.