uae-xmas

ദുബായ്: ക്രിസ്തുമസും പുതുവത്സരവും കഴിഞ്ഞെങ്കിലും ലോകത്തിലെ പ്രധാന നഗരങ്ങളിലെല്ലാം ഇപ്പോഴും ആഘോഷത്തിന്റെ തിരക്കിലാണ്. എന്നാൽ യുഎഇയിലുള്ള റഷ്യൻ പ്രവാസികളുടെ ക്രിസ്തുമസ് ദിനം ഇനിയും കഴിഞ്ഞിട്ടില്ല. റഷ്യൻ പ്രവാസികളുടെ ഓർത്തഡോക്സ് ക്രിസ്തുമസ് ജനുവരി ഏഴിനാണ് ആഘോഷിക്കുന്നത്. ജനുവരി 14 ഞായറാഴ്ചയാണ് റഷ്യക്കാർ ഓർത്തഡോക്സ് പുതുവത്സരം ആഘോഷിക്കുന്നത്.

ഇന്ന് രാത്രി മുതൽ ഞങ്ങളുടെ ക്രിസ്തുമസ് ആഘോഷം ആരംഭിക്കുകയാണെന്ന് റഷ്യൻ വിദ്യാർത്ഥി ജർമൻ റുഡക്കോവ് ഖലീൽജ് ടൈംസിനോട് പറഞ്ഞു. കുടുംബവും സുഹൃത്തുക്കളുമായും ഇഷ്ട വിഭവങ്ങളുമായി അടിപൊളി ഡിന്നറാണ് ഞങ്ങൾ ഒരുക്കുന്നതെന്നും അവർ പറഞ്ഞു. 'ഈ ക്രിസ്മസ് ദിനത്തിൽ, എന്റെ കുടുംബം ദൈവികമായ കാര്യങ്ങളിൽ പങ്കെടുക്കും. കരോൾ ഉൾപ്പടെയുള്ള എല്ലാ ആഘോഷങ്ങളും ഇന്നുണ്ടാകും. മികച്ച ഉത്സവ അന്തരീക്ഷമാണ് ഇന്ന് മുതൽ ഉണ്ടാകുക'- യുഎഇയിൽ ജോലി ചെയ്യുന്ന റഷ്യക്കാരൻ പറഞ്ഞു.

'റഷ്യൻ സംസാരിക്കുന്ന എല്ലാവരുടെയും ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ് ക്രിസ്തുമസ്. ഞങ്ങൾ ലണ്ടനിലാണെങ്കിലും മോസ്‌കോയിലാണെങ്കിലും ദുബായിലാണെങ്കിലും സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ക്രിസ്തുമസ് ആഘോഷിക്കും'- ഇവാന്റിക്ക സിഇഒ സെർജെയ് കൊഷ്‌നെവ് പറഞ്ഞു.

എന്താണ് ഓർത്തഡോക്സ് ക്രിസ്തുമസ്
സെർബിയ, റഷ്യ, ബെലാറസ്, ഈജിപ്ത്, എത്യോപ്യ, ജോർജിയ, കസാഖിസ്ഥാൻ, മാസഡോണിയ, മോൾഡോവ, മോണ്ടിനെഗ്രോ, അർമേനിയ തുടങ്ങിയ രാജ്യങ്ങളിലുള്ളവരാണ് ഓർത്തഡോക്സ് ക്രിസ്തുമസ് ആഘോഷിക്കുന്നത്. ലോകത്ത് ആകെ 200 മുതൽ 300 മില്യൺ വരെയുള്ള ക്രിസ്‌ത്യാനികളാണ് ഈ വിഭാഗത്തിൽപ്പെടുന്നത്.

ജനുവരി ഏഴിനോ അല്ലെങ്കിൽ ഡിസംബർ 25 കഴിഞ്ഞ് 13 ദിവസത്തിന് ശേഷമാണ് ഈ വിഭാഗം ക്രിസ്തുമസ് ആഘോഷിക്കുന്നത്. കാരണം, ഈ വിഭാഗത്തിൽപ്പെടുന്നവർ ജൂലിയൻ കലണ്ടറാണ് പിന്തുടരുന്നത്. ലോകത്തിലെ ഏറ്റവും കൂടുതൽ ക്രിസ്ത്യാനികളും കത്തോലിക്ക വിഭാഗക്കാരും ഡിസംബർ 25ന് ക്രിസ്തുമസ് ആഘോഷിക്കുന്ന ജോർജിയൻ കലണ്ടറാണ്.