
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അഴിമതിക്കേസുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടെ ജനക്കൂട്ടം വളഞ്ഞിട്ടാക്രമിച്ചതിനു പിന്നാലെ തൃണമൂൽ നേതാവിനെ അറസ്റ്റ് ചെയ്ത് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി).
ബൻഗാവ് മുൻ മുനിസിപ്പൽ ചെയർമാൻ കൂടിയായ ശങ്കർ ആധ്യയാണ് അറസ്റ്റിലായത്. റേഷൻ കുംഭകോണവുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ ദിവസം ആധ്യയുടെയും തൃണമൂൽ നേതാവായ ഷാജഹാൻ ശെെഖിന്റെയും വീട്ടിൽ ഇ.ഡി പരിശോധനയ്ക്കെത്തിയിരുന്നു.
ആധ്യയുടെ വീട്ടിൽ പരിശോധന പൂർത്തിയാക്കി സംഘം സന്ദേശ്ഖാലിയിലെ ഷാജഹാൻ ശെെഖിന്റെ വീട് റെയ്ഡ് ചെയ്യാനെത്തിയപ്പോൾ അനുയായികളും നാട്ടുകാരും ഉൾപ്പെടുന്ന 200 ഓളം പേർ ആക്രമിക്കുകയായിരുന്നു.വീട് പൂട്ടിക്കിടന്നതിനാൽ സംഘം ഒരു മണിക്കൂറോളം കാത്തുനിന്നു. തുടർന്ന് സി.ആർ.പി.എഫ് ജവാന്മാരുടെ സാന്നിദ്ധ്യത്തിൽ പൂട്ടുപൊളിച്ച് ഉള്ളിൽക്കടക്കാൻ ശ്രമിച്ചപ്പോൾ ജനക്കൂട്ടം ഇരച്ചെത്തുകയും ആക്രമിക്കുകയുമായിരുന്നു. ഉദ്യോഗസ്ഥരെ ആയുധങ്ങൾ ഉപയോഗിച്ച് മർദ്ദിക്കുകയും വാഹനം തകർക്കുകയും ചെയ്തു. ആക്രമണത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്കേറ്റിരുന്നു.
ആക്രമണത്തിന് പിന്നാലെ പിന്തിരിഞ്ഞ ഇ.ഡി വെള്ളിയാഴ്ച രാത്രി തന്നെ ആധ്യയുടെ വീട്ടിൽ തിരിച്ചെത്തി. ജനക്കൂട്ടത്തിന്റെ പ്രതിഷേധത്തിനിടെ ശങ്കർ ആധ്യയെ നാടകീയമായി അറസ്റ്റ് ചെയ്തു. അക്രമാസക്തരായ സ്ത്രീകളുൾപ്പെടുന്ന ജനക്കൂട്ടത്തെ ഇ.ഡി, സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ ചേർന്ന് പ്രതിരോധിച്ചു. ജനക്കൂട്ടം ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിഞ്ഞെന്നാണ് റിപ്പോർട്ട്. ആക്രമണം സംബന്ധിച്ച് ഇ.ഡി കേന്ദ്ര സർക്കാരിന് റിപ്പോർട്ട് നൽകി.
ബംഗാളിലെ റേഷൻ അഴിമതിയിൽ മാസങ്ങളായി ഇ.ഡി അന്വേഷണം നടത്തുന്നുണ്ട്. റേഷൻ വിഹിതത്തിൽ 30 ശതമാനത്തോളം വകമാറ്റി ഓപ്പൺ മാർക്കറ്റിൽ വിറ്റുവെന്നാണ് ആരോപണം. പ്രതിഷേധത്തിനിടെയിലും കേസിൽ അറസ്റ്റും റെയ്ഡുമായി ഇ.ഡി മന്നോട്ടു പോവുകയാണ്. കേസുമായി ബന്ധപ്പെട്ട് ബംഗാൾ മന്ത്രി ജ്യോതി പ്രിയോ മല്ലിക് നേരത്തെ അറസ്റ്റിലായിരുന്നു. 2011 -2021 കാലത്ത് ബംഗാൾ ഭക്ഷ്യമന്ത്രിയായിരുന്നു മല്ലിക്.
ക്രമസമാധാന നില തകർന്നു: ആനന്ദബോസ്
ബംഗാളിൽ ക്രമസമാധാന നില തകർന്നെന്ന് ഗവർണർ സി.വി. ആനന്ദബോസ്. നിയമ വിദഗ്ദ്ധരുമായി ആലോചിച്ച് നടപടിയെടുക്കും. ഭരണഘടന വിഭാവനം ചെയ്യുന്നത് ജനങ്ങളുടെ പരമാധികാരമാണ്. പാർട്ടി പരമാധികാരമല്ല. സംസ്ഥാന സർക്കാർ ഭരണഘടനാ പ്രതിസന്ധി സൃഷ്ടിച്ചു. ശക്തമായ തീരുമാനങ്ങളെടുക്കും.
ബംഗാളിൽ മാറ്റം ആവശ്യമാണ്. ജനം സമാധാനം ആഗ്രഹിക്കുന്നു. ഇവിടെ അക്രമം വർദ്ധിക്കുന്നെന്ന് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നു. ആളുകൾ ആക്രമിക്കപ്പെടുന്നു. ജനാധിപത്യവും സ്വാതന്ത്ര്യവും ആക്രമിക്കപ്പെടുന്നെന്നും ആനന്ദബോസ് പറഞ്ഞു. പരിക്കേറ്റ ഉദ്യോഗസ്ഥരെ ആനന്ദബോസ് സന്ദർശിച്ചു. ആഭ്യന്തര സെക്രട്ടറിയെയും ഡി.ജി.പിയെയും അദ്ദേഹം വിളിച്ചുവരുത്തിയിരുന്നു.
രാഷ്ട്രീയപോര്
പ്രദേശത്ത് ക്രമസമാധാന നില തകർന്നെന്ന് പ്രതിപക്ഷ പാർട്ടികൾ പറയുന്നു. കേന്ദ്ര ഏജൻസി പ്രദേശവാസികളെ പ്രകോപിപ്പിക്കുകയാണെന്ന് തൃണമൂൽ നേതാക്കളും ആരോപിച്ചു. തൃണമൂൽ ഭരണം രാജ്യ സുരക്ഷയ്ക്കു തന്നെ ഭീഷണിയാണെന്ന് ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ പ്രതികരിച്ചു.