shp

ന്യൂഡൽഹി: സൊമാലിയൻ തീരത്ത് ലൈബീരിയൻ ചരക്കു കപ്പൽ റാഞ്ചാൻ ശ്രമിച്ച കടൽക്കൊള്ളക്കാരെ കണ്ടെത്താൻ സംശയാസ്പദമായ കപ്പലുകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് ഇന്ത്യൻ നാവിക സേന. വെള്ളിയാഴ്ചയാണ് 15 ഇന്ത്യക്കാർ അടക്കം 21 ജീവനക്കാരുള്ള 'എം.വി ലില നോർഫോക്ക്' എന്ന കപ്പലിനെ ഇന്ത്യൻ നേവി കടൽക്കൊള്ളക്കാരുടെ കൈയിൽ നിന്ന് രക്ഷിച്ചത്. കപ്പലിലെ പ്രൊപ്പൽഷൻ സിസ്റ്റം,​ വൈദ്യുതി വിതരണം,​ സ്റ്റിയറിംഗ് ഗിയർ എന്നിവ പുനഃസ്ഥാപിക്കാനുള്ള ജോലികൾ കപ്പൽ ജീവനക്കാർ ആരംഭിച്ചു. ഇത് പൂർത്തിയാകുന്നതോടെ ഇന്ത്യൻ നേവി യുദ്ധക്കപ്പലിന്റെ അകമ്പടിയോടെ എം.വി ലില നോർഫോക്ക് ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്ര പുനരാരംഭിക്കും. വ്യാഴാഴ്ച വൈകിട്ടാണ് ബ്രസീലിൽ നിന്ന് ബഹ്റൈനിലേക്ക് സഞ്ചരിച്ച കപ്പലിൽ ആറോളം കടൽക്കൊള്ളക്കാർ ആയുധങ്ങളുമായി കയറിയത്. അപായ സന്ദേശം കിട്ടിയ ഇന്ത്യൻ നേവി ഉടൻ ഐ.എൻ.എസ് ചെന്നൈ യുദ്ധക്കപ്പലിനെയും നി​രീക്ഷണ വി​മാനങ്ങൾ, ഹെലി​കോപ്ടറുകൾ, സായുധ പ്രി​ഡേറ്റർ ഡ്രോണുകൾ എന്നിവയേയും രക്ഷാ ദൗത്യത്തിന് നിയോഗിച്ചു. ഐ.എൻ.എസ് ചെന്നൈ കപ്പലിനെ തടഞ്ഞു. കപ്പൽ വിടണമെന്ന് നേവി ഹെലികോപ്റ്ററുകളിൽ നിന്ന് കടൽക്കൊള്ളക്കാർക്ക് അന്ത്യശാസനം നൽകി. നേവിയുടെ മറൈൻ കമാൻഡോകൾ ( മാർകോസ് ) കപ്പലിൽ പ്രവേശിച്ചപ്പോഴേക്കും കടൽക്കൊള്ളക്കാർ ഭയന്ന് രക്ഷപ്പെട്ടിരുന്നു. സമുദ്ര സുരക്ഷ ഉറപ്പാക്കാൻ ഐ.എൻ.എസ് ചെന്നൈയ്ക്ക് പുറമേ ഐ.എൻ.എസ് കൊച്ചി,​ ഐ.എൻ.എസ് കൊൽക്കത്ത,​ ഐ.എൻ.എസ് മുർഗാവ് എന്നീ ഡിസ്ട്രോയർ യുദ്ധക്കപ്പലുകളും മിസൈൽ ബോട്ടുകളും ഇന്ത്യ അറബിക്കടലിൽ വിന്യസിച്ചിട്ടുണ്ട്.

ഭാരത് മാതാ കീ ജയ്

എം.വി ലില നോർഫോക്ക് കപ്പലിലെ ജീവനക്കാർ ഇന്ത്യൻ നേവിക്ക് നന്ദിയറിയിച്ചു. ഇന്ത്യൻ ജീവനക്കാരുടെ ആദ്യ ദൃശ്യങ്ങൾ പുറത്തുവന്നു. ജീവനക്കാ‌ർ നന്ദി പറയുന്നതും 'ഭാരത് മാതാ കീ ജയ്’ എന്ന് മുദ്രാവാക്യം വിളിക്കുന്നതും വീഡിയോയിലുണ്ട്.