war

സിഡ്നി: ഇതിഹാസ ബാറ്റർ ഡേവിഡ് വാർണറുടെ വിടവാങ്ങൽ ടെസ്റ്റിൽ പാകിസ്ഥാനെ 8 വിക്കറ്റിന് കീഴടക്കി ഓസ്ട്രേലിയ പരമ്പര 3-0ത്തിന് തൂത്തുവാരി. തന്റെ ടെസ്റ്റ് കരിയറിലെ അവസാന ഇന്നിംഗ്സിൽ തകർപ്പൻ അർദ്ധ സെഞ്ച്വറിയുമായി ടീമിന്റെ വിജയമുറപ്പിച്ച ശേഷമാണ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഓപ്പണർമാരിൽ ഒരാളായ വാർണറുടെ സൈൻ ഓഫ്. ഏകദിനത്തിൽ നിന്ന് നേരത്തേ തന്നെ വിരമിച്ച വാർണർ ഇനി ഓസീസ് ജേഴ്സിയിൽ കളിക്കാനിറങ്ങുക ട്വന്റി- 20യിൽ മാത്രമായിരിക്കും.

സ്വന്തം മൈതാനമായ സിഡ്നിയി ക്രിക്കറ്റ് ഗ്രൗണ്ടിലെ ഗാലറിയിലുണ്ടായിരുന്ന കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ല പ്രിയപ്പെട്ടവരുടെ എഴുന്നേറ്റു നിന്നുള്ല കൈയടികളുടെ അകമ്പടിയോടെയാണ് 13 വർഷമായുള്ല 112 ടെസ്റ്റുകൾ നീണ്ട കരിയർ 37-ാം വയസിൽ വാർണർ അവസാനിപ്പിച്ചത്. ഓസീസ് വിജയത്തിന് പത്ത് റൺസ് മാത്രം അകലെ പാക്

സ്പിന്നർ സാജിദ് ഖാന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടങ്ങിയാണ് വാർണറുടെ ടെസ്റ്റിൽ നിന്നുള്ള ലാസ്റ്റ് വാക്ക്. റിവ്യൂവിന് നൽകിയെങ്കിലും ഔട്ടായിരുന്നു. 75 പന്തിൽ 7 ഫോറുൾപ്പെടെ 53 റൺസ് നേടിയ വാർണറെ സല്യൂട്ട് നൽകിയാണ് സാജിദ് യാത്രയാക്കിയത്. മറ്റ് പാക് ‌താരങ്ങളും ഓടിയെത്തി ഹസ്തദാനം നൽകി. നേരത്തേ ഓസ്ട്രേലിയൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനെത്തിയ വാർണർക്ക് ഗാർഡ് ഓഫ് ഹോണർ നൽകിയാണ് പാക് താരങ്ങൾ സ്വീകരിച്ചത്. മത്സരശേഷം പാകിസ്ഥാൻ താരങ്ങൾ എല്ലാവരും ഒപ്പിട്ട ബാബർ അസമിന്റെ ജേഴ്സി ക്യാപ്ടൻ ഷാൻ മസൂദ് വാർണർക്ക് സമ്മാനിച്ചു. സിഡ്നിയിലെ മൈതാനത്ത് താങ്ക്സ് ഡേവ് എന്നെഴുതിയിട്ടുമുണ്ടായിരുന്നു.

അനായാസം ഓസീസ്

മൂന്നാം ടെസ്റ്റിന്റെ നാലാം ദിനമായ ഇന്നലെ രാവിലെ രണ്ടാം ഇന്നിംഗ്സ് 67/7 എന്ന നിലയിൽ പുനരാരംഭിച്ച പാകിസ്ഥാൻ 115 റൺസിന് ഓൾഔട്ടായി. മുഹമ്മദ് റിസ്‌വാന്റെ (28) വിക്കറ്റാണ് ഇന്നലെ പാകിസ്ഥാന് ആദ്യം നഷ്ടമായത്. നാഥൻ ലയണായിരുന്നു വിക്കറ്റ്. ഓസ്ട്രേലിയക്കായി ജോഷ് ഹേസൽവുഡ് നാലും ലയൺ മൂന്നും വിക്കറ്റുകൾ വീഴ്ത്തി. പാകിസ്ഥാനുയർത്തിയ 130 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ ഓസീസിന് ഉസ്മാൻ ഖ്വാജയുടെ (0) വിക്കറ്റ് ആദ്യ ഓവറിൽ തന്നെ അക്കൗണ്ട് തുറക്കുന്നതിന് മുന്നേ നഷ്ടമായി. പിന്നീട് ക്രീസിൽ ഒന്നിച്ച വാർണറും മാർനസ് ലെബുഷെയ്നും (പുറത്താകാതെ 62) ഓസീസിനെ പ്രശ്നങ്ങളില്ലാതെ വിജയതീരത്തേക്ക് കൊണ്ടുപോവുകയായിരുന്നു.രണ്ടാം വിക്കറ്റിൽ ഇരുവരും 119റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. സ്കോർ: 313/10, 115/10, ഓസ്ട്രേലിയ 299/10, 130/2.