
വാഷിംഗ്ടൺ: ജർമ്മൻ നടൻ ക്രിസ്റ്റ്യൻ ഒലിവറും (51) രണ്ട് പെൺമക്കളും വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. പ്രാദേശിക സമയം, വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് കിഴക്കൻ കരീബിയൻ ദ്വീപ് രാജ്യമായ സെന്റ് വിൻസന്റ് ആൻഡ് ഗ്രെനഡീൻസിൽ നിന്ന് സമീപ ദ്വീപ് രാജ്യമായ സെന്റ് ലൂസിയയിലേക്കുള്ള യാത്രാമദ്ധ്യേ ചെറുവിമാനം കരീബിയൻ കടലിൽ തകർന്നു വീഴുകയായിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഒറ്റ എൻജിൻ വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടിരുന്നു. ക്രിസ്റ്റ്യനും മക്കളായ അനീക് (12), മാഡിറ്റ (10) എന്നിവർക്കും പുറമേ, വിമാനത്തിന്റെ പൈലറ്റും ഉടമയുമായ അമേരിക്കക്കാരൻ റോബർട്ട് സാച്സും കൊല്ലപ്പെട്ടു. സെന്റ് വിൻസന്റ് ആൻഡ് ഗ്രെനഡീൻസിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഈസ്റ്റേൺ കരീബിയൻ സിവിൽ ഏവിയേഷൻ അതോറിറ്റി അന്വേഷണം ആരംഭിച്ചു. സ്പീഡ് റേസർ, വാൽകിയറി, ദ ഗുഡ് ജർമ്മൻ, ദ ത്രീ മസ്കറ്റീർസ് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ച ക്രിസ്റ്റ്യൻ, അലാം ഫോർ കോബ്രാ 11 എന്ന ജനപ്രിയ ജർമ്മൻ ടെലിവിഷൻ സീരീസിലും അഭിനയിച്ചിട്ടുണ്ട്. നെറ്റ്ഫ്ലിക്സ് സീരീസായ സെൻസ് 8ലും പ്രത്യക്ഷപ്പെട്ട ക്രിസ്റ്റ്യൻ നിരവധി വീഡിയോ ഗെയിമുകൾക്ക് ശബ്ദം നൽകിയിട്ടുണ്ട്. ക്രിസ്റ്റ്യനും ഭാര്യ ജെസീക്ക ക്ലെപ്‌സറും 2021ൽ വേർപിരിഞ്ഞിരുന്നു.
നോവായി അവസാന പോസ്റ്റ്
അവധി ആഘോഷിക്കാനാണ് ക്രിസ്റ്റ്യൻ ഒലിവർ മക്കളുമായി കരീബിയൻ ദ്വീപിലെത്തിയത്. ക്രിസ്റ്റ്യന്റെയും മക്കളുടെയും ദാരുണാന്ത്യത്തിന് പിന്നാലെ ദുരന്തത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ച പോസ്റ്റ് ആരാധകരെ കണ്ണീരാഴ്ത്തുന്നു. ' പറുദീസയിൽ നിന്ന് ആശംസകൾ. 2024, ഞങ്ങൾ ഇതാ വരുന്നു. '