rayudu

അമരാവതി: ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്‌ഡിയുടെ പാർട്ടിയിൽ ചേർന്ന് ദിവസങ്ങൾക്കകം തന്നെ രാഷ്‌ട്രീയം ഉപേക്ഷിച്ചെന്ന് പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു. സമൂഹമാദ്ധ്യമ പ്ളാറ്റ്ഫോമായ എക്‌സിലൂടെയാണ് റായിഡു തന്റെ തീരുമാനം അറിയിച്ചത്. യുവജന ശ്രമിക റിതു കോൺഗ്രസ് പാർട്ടി(വൈഎസ്‌ആർകോൺഗ്രസ്)യിൽ ചേർന്ന് കേവലം എട്ട് ദിവസത്തിനകമാണ് മുൻ ഇന്ത്യൻ മദ്ധ്യനിര ബാറ്ററായ റായിഡു തന്റെ തീരുമാനം പ്രഖ്യാപിച്ചത്.

കഴിഞ്ഞ വർഷം ഡിസംബർ 28നാണ് റായിഡു രാഷ്‌ട്രീയ പ്രവേശനം നടത്തിയത്. ജഗൻമോഹൻ റെഡ്ഡി നേരിട്ടാണ് അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്‌തത്. 'വൈഎസ്‌ആർസിപിയിൽ നിന്ന് രാജിവയ്‌ക്കാനും രാഷ്‌ട്രീയത്തിൽ നിന്നും കുറച്ചുനാളത്തേയ്‌ക്ക് മാറിനിൽക്കാനും ഞാൻ തീരുമാനിച്ചതായി അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾ വഴിയേ അറിയിക്കാം.' റായിഡു എക്‌സിൽ കുറിച്ചു.

ആന്ധ്രയിലെ ഗുണ്ടൂർ സ്വദേശിയായ 38കാരനായ റായിഡു രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും ഐപിഎല്ലില്‍ നിന്നും വിരമിച്ച ശേഷം രാഷ്ട്രീയമാണ് തന്റെ രണ്ടാം ഇന്നിംഗ്‌സെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാടകീയമായ തീരുമാനം. 2023 ഐപിഎൽ ഫൈനൽ തലേന്നാണ് ആദ്യം ഐപിഎല്ലിൽ നിന്നും പിന്നീട് ഇന്ത്യൻ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുന്നതായി റായിഡു പ്രഖ്യാപിച്ചത്. ഇന്ത്യക്കായി 55 ഏകദിന മത്സരങ്ങളിലും ആറ് ട്വന്റി20 മത്സരങ്ങളിലും താരം കളിച്ചിട്ടുണ്ട്. ഐപിഎല്ലിൽ മുംബയ് ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിംഗ്സ് എന്നിവർക്കായി 204 മത്സരങ്ങളിൽ താരം കളിച്ചു. 2013, 2015, 2017 വർഷങ്ങളിൽ മുംബയ്ക്ക് ഒപ്പവും, 2018, 2021, 2023 സീസണുകളിൽ ചെന്നൈക്കൊപ്പവും താരം ഐപിഎൽ കിരീടമുയർത്തിയിരുന്നു