zagalo

റിയോ ഡി ജനീറോ: കളിക്കാരനായും കോച്ചായും നാല് തവണ ലോകകപ്പിൽ മുത്തമിട്ട ബ്രസീലിയൻ ഫുട്ബാൾ ഇതിഹാസം മരിയോ സഗാലൊ അന്തരിച്ചു. 92 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് റിയോ ഡി ജനീറോയിലെ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

കുടുംബാംഗങ്ങൾ ഇൻസ്റ്റഗ്രാമിലൂടെയാണ് അദ്ദേഹത്തിന്റെ മരണവിവരം പുറത്തുവിട്ടത്. വിംഗിലൂടെ മിന്നൽപ്പിണറായ സഗാലൊ 1958ലും 1962ലും ലോകകിരീടം നേടിയ ബ്രസീൽ ടീം അംഗമായിരുന്നു. പെലെയും ജെർസീഞ്ഞോയും കാ‌ർലോസ് ആൽബർട്ടോയുമെല്ലാം അണിനിരന്ന ബ്രീസീലിന്റെ എക്കാലത്തേയും മികച്ച ടീമെന്ന ് വാഴ്ത്തപ്പെടുന്ന സുവർണനിരയെ പരീശീലിപ്പിച്ച് 1970 ലെ ലോകകപ്പിൽ ചാമ്പ്യൻമാരാക്കിയ കോച്ചായും സഗാലൊ ലോകകിരീടം നേടി. 1994ൽ ലോക ചാമ്പ്യൻമാരായ ബ്രസീൽ ടീമിന്റെ സഹപരിശീലകനായിരുന്നു സഗാലൊ. കാർലോസ് ആൽബർട്ടൊ പെരേരയായിരുന്നു പ്രധാന പരിശീലകൻ. 1998ൽ റണ്ണറപ്പായ ബ്രസീൽ ടീമിന്റെ പരിശീലകനും സഗാലൊയായിരുന്നു. 2014 ബ്രസീൽ ആതിഥേയത്വം വഹിച്ച ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ സംഘാടക സമിതിയിൽ സഗാലൊയ്ക്ക് പ്രധാന റോളുണ്ടായിരുന്നു. 2018, 2022 ലോകകപ്പ് മത്സരങ്ങൾക്ക് പുറപ്പെടും മുമ്പ് കോച്ച് ടിറ്റെ സഗാലൊയെ സന്ദർശിച്ച് ഉപദേശങ്ങൾ തേടിയിരുന്നു.കളിക്കാരനായും കോച്ചായും ഫുട്ബാൾ ലോകകപ്പ് സ്വന്തമാക്കുന്ന ആദ്യതാരമാണ് സഗാലൊ. 1958ൽ ആദ്യമായി ലോകകപ്പ് നേടിയ ബ്രസീൽ ടീമിലെ ജീവിച്ചിരിക്കുന്ന ഏക താരവും കൂടിയാണ് വിടവാങ്ങിയത്.

1931ൽ ബ്രസീലിലെ അത്ലാന്റയിൽ ജനിച്ച സഗാലൊയ്ക്ക് പൈലറ്റാനാകാനായിരുന്നു ആഗ്രഹമെങ്കിലും കാഴ്ചക്കുറവ് വിനയായി. തുടർന്ന് യാദൃശ്ചികമായി ഫുട്ബാളിലേക്ക് എത്തിയ സഗാലൊ കാറ്റ് നിറച്ച പന്തുകൊണ്ട് ഇതിഹാസമായി മാറുകയായിരുന്നു. പട്ടാളത്തിൽ സേവനമനുഷ്ടിച്ചിട്ടുള്ള സഗാലൊ 1950ലെ ലോകകപ്പ് ഫൈനലിൽ ബ്രീസിൽ ഉറുഗ്വായോട് തോൽക്കുന്നതിനും സാക്ഷിയായിരുന്നു. പരേതയായ അൽസിന ഡെ കാസ്ട്രോയാണ് സഗാലോയുടെ ഭാര്യ. ഇവർക്ക് നാല് മക്കളുണ്ട്. 1955ലായിരുന്നു ഇരുവരുടേയും വിവാഹം. 2012 നവംബർ 15നായിരുന്നു അൽസിനയുടെ മരണം.