pic

ധാക്ക: ബംഗ്ലാദേശിൽ ഇന്ന് പൊതുതിരഞ്ഞെടുപ്പ്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തുടർച്ചയായ നാലാം തവണയും ഭരണം നേടുമെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. 1996 മുതൽ 2001 വരെയും ആവാമി ലീഗ് നേതാവായ ഹസീന പ്രധാനമന്ത്രിയായിരുന്നു.

പ്രധാന പ്രതിപക്ഷമായ മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സുതാര്യമായ തിരഞ്ഞെടുപ്പ് നടത്താൻ 76കാരിയായ ഹസീന രാജിവയ്ക്കണമെന്നും ഭരണം കാവൽ മന്ത്രിസഭയ്ക്ക് നൽകണമെന്നുമുള്ള ആവശ്യം അംഗീകരിക്കാത്തതിനാലാണ് നടപടി.

സമീപകാലത്തുണ്ടായ സാമ്പത്തിക പ്രതിസന്ധി രാജ്യത്ത് ശക്തമായ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. ഭരണപക്ഷം പ്രതിപക്ഷ പാർട്ടികളെയും അനുഭാവികളെയും അടിച്ചമർത്തുന്നെന്നാണ് ആരോപണം. എന്നാൽ, തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് ആവാമി ലീഗ് വാദിക്കുന്നു.

 വ്യാപക അക്രമം

തിരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗ്ലാദേശിലുടനീളം അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച രാത്രി ഒരു ട്രെയിനിലുണ്ടായ തീപിടിത്തത്തിൽ രണ്ട് കുട്ടികളടക്കം നാല് പേർ കൊല്ലപ്പെട്ടു. പ്രതിപക്ഷ പാർട്ടികൾ ട്രെയിനിന് ബോധപൂർവം തീവച്ചതാണെന്ന് അധികൃതർ പറയുന്നു. നിരവധി പോളിംഗ് ബൂത്തുകളും തീയിട്ടു.

-------------------

 ഇന്ത്യൻ സമയം രാവിലെ 7.30ന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് 3.30ന് അവസാനിക്കും

 പിന്നാലെ വോട്ടെണ്ണൽ തുടങ്ങും. നാളെ രാവിലെയോടെ പ്രാഥമിക ഫലമറിയാം

 ഏകദേശം 120 ദശലക്ഷം വോട്ടർമാരിൽ പകുതിയോളവും സ്ത്രീകൾ

 നേരിട്ട് തിരഞ്ഞെടുപ്പ് നടക്കുന്ന 300 പാർലമെന്റ് സീറ്റുകളിൽ മത്സരിക്കാൻ ഏകദേശം 2,​000ത്തോളം സ്ഥാനാർത്ഥികൾ

 436 സ്വതന്ത്രർ

 42,000 ത്തിലേറെ പോളിംഗ് സ്റ്റേഷനുകൾ

 8,00,000 സുരക്ഷാ ഉദ്യോഗസ്ഥരെ പോളിംഗ് സ്റ്റേഷനുകളിലേക്ക് വിന്യസിച്ചു