
പത്തനംതിട്ട : മൈലപ്രയിൽ മോഷണത്തിനിടെ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ ഒരാളെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികൾ കവർച്ച ചെയ്ത വ്യാപാരിയുടെ മാല പണയം വയ്ക്കാൻ സഹായിച്ച ആളെയാണ് കസ്റ്റഡിയിലെടുത്തത്.
നേരത്തെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തമിഴ്‌നാട് സ്വദേശികളായ മുരുകൻ, ബാലസുബ്രഹ്മണ്യൻ, പത്തനംതിട്ട കുലശേഖരപതി സ്വദേശി ഹാരിബ് എന്ന ഓട്ടോഡ്രൈവറുമാണ് പിടിയിലായത്. . പിടിയിലായ പ്രതികൾ കൊടുംകുറ്റവാളികൾ ആണെന്ന് പൊലീസ് പറഞ്ഞു. മുരുകൻ ജർമ്മൻ യുവതിയെ പീഡിപ്പിച്ച കേസിലടക്കം 20 കേസുകളിൽ പ്രതിയാണ്. മധുര സ്വദേശിയായ ബാലസുബ്രഹ്മണ്യൻ അഞ്ച് കേസുകളിൽ പ്രതിയാണ്. കേസിലെ മറ്റൊരു പ്രതി മുത്തുകുമാരനായി അന്വേഷണം തുടരുകയാണ്. മറ്റൊരു കേസിൽ ഉൾപ്പെട്ട് ജയിലിൽ കഴിയവെയാണ് ഓട്ടോഡ്രൈവറായ ഹാരിബ് , സുബ്രഹ്മണ്യനെയും മുരുകനെയും പരിചയപ്പെടുന്നത്. തുടർന്ന് മൂവരും ഗൂഢാലോചന നടത്തിയാണ് 70കാരനെ കൊലപ്പെടുത്തി സ്വർണവും പണവും അപഹരിച്ചതെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകം നടന്ന് എട്ട് ദിവസത്തിനകമാണ് പ്രതികളെ പിടികൂടിയത്
കഴിഞ്ഞ ശനിയാഴ്ചയാണ് മൈലപ്ര സ്വദേശിയും വ്യാപാരിയുമായ ജോർജ് ഉണ്ണുണ്ണി(72) കൊല്ലപ്പെട്ടത്. മോഷണത്തിനിടെയാണ് ജോർജ് കൊല്ലപ്പെട്ടതെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. മൈലപ്ര പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ സ്റ്റേഷനറി സാധനങ്ങളും പലവ്യജ്ഞനങ്ങളും വിൽക്കുന്ന ജോർജിന്റെ പുതുവേലിൽ സ്‌റ്റോഴ്സിൽ വച്ചായിരുന്നു കൊലപാതകം. ജോർജിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ ചെറുമകൻ വൈകിട്ട് അഞ്ചരയോടെ എത്തിയപ്പോഴാണ് കൈകാലുകൾ കെട്ടി വായിൽ തുണി തിരുകിയ നിലയിൽ മൃതദേഹം കിടക്കുന്നത് കണ്ടത്. കടയിലുണ്ടായിരുന്ന സി സി ടി വി യുടെ ഹാർഡ് ഡിസ്‌ക് പ്രതികൾ എടുത്തു കൊണ്ടുപോയിരുന്നു.