
ന്യൂയോർക്ക്: 16,000 അടി ഉയരത്തിൽ വച്ച് വിമാനത്തിന്റെ ജനൽ അടക്കമുള്ള ഭാഗം അടർന്നുമാറിയത് ഭീതി പരത്തി. ഇന്ത്യൻ സമയം, ഇന്നലെ രാവിലെ 6.30ന് യു.എസിലെ ഒറിഗണിലെ പോർട്ട്ലാൻഡിൽ നിന്ന് 177 യാത്രക്കാരുമായി കാലിഫോർണിയയിലെ ഒന്റേറിയോയിലേക്ക് പുറപ്പെട്ട അലാസ്ക എയർലൈൻസിന്റെ ബോയിംഗ് 737 മാക്സ് 9 വിമാനത്തിലായിരുന്നു സംഭവം. യാത്രക്കാർ സുരക്ഷിതരാണ്. ഉടൻ തന്നെ വിമാനം തിരിച്ചിറക്കിയതിനാൽ വൻ അപകടം ഒഴിവായി. സംഭവത്തിൽ ക്ഷമാപണം നടത്തിയ അലാസ്ക എയർലൈൻസ് തങ്ങളുടെ 65 ബോയിംഗ് 737 മാക്സ് 9 വിമാനങ്ങളുടെയും സർവീസ് താത്കാലികമായി നിറുത്തിവച്ചു. സുരക്ഷാ പരിശോധനകൾക്കായാണ് നടപടി. വിമാനത്തിന്റെ ചിറകിനും എൻജിനും പിന്നിലായി ഒരു റഫ്രിജറേറ്ററോളം വലിപ്പമുള്ള ഭാഗമാണ് വൻ ശബ്ദത്തോടെ അടർന്നുമാറിയത്. ഈ ഭാഗത്തെ ജനലിനോട് ചേർന്ന സീറ്റ് ഒഴിഞ്ഞുകിടക്കുകയായിരുന്നു. സംഭവത്തിൽ യു.എസ് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് അന്വേഷണം ആരംഭിച്ചു.