pic

വാഷിംഗ്ടൺ: 2024ലെ യു.എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വിലക്കേർപ്പെടുത്തണോ എന്നതിൽ യു.എസ് സുപ്രീംകോടതി അടുത്ത മാസം 8ന് തീരുമാനമെടുക്കും.

മാർച്ച് 5ന് നടക്കുന്ന റിപ്പബ്ലിക്കൻ പാർട്ടി പ്രൈമറിയിൽ ( ഉൾപാർട്ടി പോര് ) മത്സരിക്കുന്നതിന് കൊളറാഡോ, മെയ്ൻ സംസ്ഥാനങ്ങൾ വിലക്കേർപ്പെടുത്തിയതിനെ ചോദ്യം ചെയ്ത് ട്രംപ് സമർപ്പിച്ച അപ്പീലിലാണ് കോടതിയുടെ തീരുമാനം. സുപ്രീംകോടതിയുടെ വിധി രാജ്യവ്യാപകമായി ബാധകമായിരിക്കും.

2021 ജനുവരിയിലെ യു.എസ് ക്യാപിറ്റൽ കലാപത്തിൽ പങ്കുള്ളതിനാലാണ് ഇരു സംസ്ഥാനങ്ങളിലും ട്രംപിന് വിലക്കേർപ്പെടുത്തിയത്. കലാപത്തിലോ ആക്രമണത്തിലോ ഉൾപ്പെട്ടവരെ അധികാരത്തിൽ നിന്ന് നീക്കാനുള്ള യു.എസ് ഭരണഘടനയിലെ 14-ാം ഭേദഗതിയുടെ മൂന്നാം സെക്ഷൻ ചൂണ്ടിക്കാട്ടിയാണ് നടപടി. ട്രംപിനെ വിലക്കണമെന്ന് കാട്ടി നിരവധി കേസുകൾ വിവിധ സംസ്ഥാനങ്ങളിൽ നിലവിലുണ്ട്.