
കോഴിക്കോട്: നിരത്തുകളിൽ പതിവാകുന്ന ബസ് ജീവനക്കാരുടെ കൈയാങ്കളിയിൽ മനംമടുത്ത് യാത്രക്കാർ. സമയം തെറ്റിച്ചുള്ള ഓട്ടവും സൈഡ് നൽകാത്തതും അമിത വേഗതയുമാണ് പലപ്പോഴും തെറിവിളിയിലും അടിപിടിയിലും കലാശിക്കുന്നത്. ബസ് ജീവനക്കാരുടെ കൊലവിളിയും ഗുണ്ടായിസവും കണ്ടിട്ടും കേട്ടിട്ടും പൊലീസ് കർശന നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞ മാസം ജില്ലയിൽ മൂന്നോളം സംഭവങ്ങളാണ് അടുത്തടുത്ത ദിവസങ്ങളിലുണ്ടായത്.
ചക്കോരത്തുകുളത്ത് നിർത്തിയിട്ട ബസിൽ ഉറങ്ങുകയായിരുന്ന ജീവനക്കാരെ മറ്റൊരു ബസിലെ ജീവനക്കാർ കൂട്ടമായെത്തി ആക്രമിക്കുന്ന സ്ഥിതിയുണ്ടായി. സമയക്രമത്തെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. കഴിഞ്ഞ മാസമാണ് മാനാഞ്ചിറ ബി.ഇ.എം. സ്‌കൂളിന് സമീപം യാത്രാ തടസമുണ്ടാക്കിയ സ്വകാര്യബസിനെ ചോദ്യം ചെയ്ത കുടുംബത്തെ ക്രൂരമായി റോഡിലിട്ട് മർദ്ദിച്ചത്. സ്വകാര്യ ബസ് ഡ്രൈവറായ തിരുവണ്ണൂർ സ്വദേശി ശബരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുടുംബം യാത്രചെയ്ത കാറിൽ ബസ് ഇടിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് ബസ് ഡ്രൈവർ പുറത്തിറങ്ങി റോഡിലിട്ട് കാർ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചത്. ബഹളത്തിനിടെ പുറത്തിറങ്ങിയ സ്ത്രീയെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. സൈഡ് കൊടുക്കാത്തതിന് കഴിഞ്ഞ മാസം ഉള്ള്യേരിയിലും സ്വകാര്യ ബസ് ജീവനക്കാർ കാർ യാത്രക്കാരെ മർദ്ദിച്ചിരുന്നു. സ്വകാര്യ ബസിന് മുമ്പിൽ കാറുണ്ടായിരുന്നതിനാൽ കടന്ന് പോകാൻ കഴിയാതെ വന്നതോടെയാണ് കാർ യാത്രക്കാരെ മർദ്ദിച്ചത്. ബസിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് വടകരയിലും സമാന സംഭവമുണ്ടായി.
''ബസ് ജീവനക്കാർ ഉണ്ടാക്കുന്ന അതിക്രമങ്ങൾ ജില്ലയിൽ കൂടുന്നുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങളിൽ ശക്തമായ നിയമ നടപടിയാണ് പൊലീസ് സ്വീകരിക്കുന്നത്. ടി.പി ജേക്കബ്, എ.സി.പി (ട്രാഫിക്).