
ലോസ് ആഞ്ചലസ്: യാതൊരു തെളിവും അവശേഷിപ്പിക്കാതെ എവിടേക്കോ അപ്രത്യക്ഷരായ നിരവധി പേരാണ് ലോകത്തുള്ളത്. കുറ്റാന്വേഷണ വിദഗ്ദ്ധരെയും പൊലീസിനെയും വട്ടംചുറ്റിക്കുന്ന തിരോധാന കേസുകൾ എന്നും ഒരു നിഗൂഢതയാണ്. സാധാരണക്കാർ മുതൽ സെലിബ്രിറ്റികൾ വരെ ഇക്കൂട്ടത്തിൽപ്പെടുന്നു. അത്തരത്തിൽ ഇന്നും ഉത്തരമില്ലാത്ത ചോദ്യമാണ് അമേരിക്കൻ ഗായകനും ഗാനരചയിതാവുമായിരുന്ന ജിം സള്ളിവന്റെ തിരോധാനം. 48 വർഷങ്ങൾക്ക് മുമ്പ് 34ാം വയസിൽ അപ്രത്യക്ഷനായ ജിമ്മിനെ പറ്റി ഇന്നും യാതൊരു അറിവുമില്ല.
1975 മാർച്ച് 4ന് ലോസ് ആഞ്ചലസിൽ നിന്നും ടെന്നസിയിലെ നാഷ്‌വില്ലിലേക്ക് കാറിൽ ഒറ്റയ്‌ക്ക് യാത്രപുറപ്പെട്ടതായിരുന്നു ജിം. തൊട്ടടുത്ത ദിവസം ന്യൂമെക്‌സിക്കോയിലെ സാന്റാ റോസയിലെ ഒരു ചെറു ഹോട്ടലിൽ എത്തിയെങ്കിലും രാത്രി അവിടെ തങ്ങാതെ യാത്ര തുടർന്നു. 26 മൈൽ അകലെയുള്ള ഒരു വിദൂര പ്രദേശത്തെത്തിയ ജിം കാറിനുള്ളിൽ നിന്ന് ഇറങ്ങി ദൂരേക്ക് നടക്കുന്നത് കണ്ടവരുണ്ട്. പിന്നീട് അദ്ദേഹത്തിന് എന്തു സംഭവിച്ചെന്ന് ആർക്കുമറിയില്ല.
കാറിനുള്ളിൽ അദ്ദേഹത്തിന്റെ ഗിറ്റാറും കുറച്ച് പണവും വിറ്റ് പോകാത്ത ആൽബത്തിന്റെ കുറേ കാസറ്റുകളും കണ്ടെത്തി. ജിമ്മിനായി അധികൃതർ അന്വേഷണം ആരംഭിച്ചു. ന്യൂമെക്‌സിക്കോയിൽ ജിമ്മുമായി സാദൃശ്യമുള്ള ഒരാളുടെ അഴുകിയ മൃതശരീരം കണ്ടെത്തിയെങ്കിലും അത് ജിമ്മിന്റേതല്ലെന്ന് പരിശോധനയിൽ കണ്ടെത്തി.
പിന്നീട് നടന്ന അന്വേഷണത്തിൽ ജിമ്മിനെ പറ്റി യാതൊരു സൂചനയും ലഭിച്ചില്ല. അതേ സമയം, ജിമ്മിന്റെ ആരാധകരെ ഞെട്ടിച്ച കാര്യമെന്തെന്നാൽ ആറ് വർഷങ്ങൾക്ക് മുമ്പ് പുറത്തിറക്കിയ ദുരൂഹതകൾ നിറഞ്ഞ ' യു.എഫ്.ഒ ' എന്ന അദ്ദേഹത്തിന്റെ ആൽബത്തിനും തിരോധാനത്തിനും ഏറെ സാദൃശ്യങ്ങളുണ്ടായിരുന്നു എന്നതാണ്. തിരിച്ചറിയപ്പെടാത്ത ആകാശ വസ്തുക്കളെയാണ് നാം യു.എഫ്.ഒ എന്ന് അർത്ഥമാക്കുന്നത്. സാങ്കല്പിക കഥകളിൽ അന്യഗ്രഹ ജീവികൾ സഞ്ചരിക്കുന്ന പറക്കുംതളികകളെ പൊതുവേ ഈ ഗണത്തിലാണ് ഉൾപ്പെടുത്തുന്നത്. ജിമ്മിന്റെ ആൽബത്തിലും അന്യഗ്രഹജീവികളെയും അമാനുഷിക ശക്തികളെയും പറ്റി പരാമർശമുണ്ടായിരുന്നു.
ഇതോടെ ജിമ്മിനെ അന്യഗ്രഹജീവികൾ തട്ടിക്കൊണ്ട് പോയെന്ന കഥ പ്രചരിക്കാൻ തുടങ്ങി. എന്നാൽ ആൽബത്തിലെ സാഹചര്യങ്ങൾ ജിം ബോധപൂർവം ആവിഷ്കരിച്ചതാകാമെന്നും സംഗീത ലോകത്ത് ആഗ്രഹിച്ച നേട്ടങ്ങൾ ലഭിക്കാത്തതിന്റെ നിരാശയിൽ എവിടേക്കെങ്കിലും ഒളിച്ചോടിയതാകാമെന്നുമൊക്കെ വാദങ്ങൾ ഉയർന്നു. കരിയറിലെ പരാജയത്തെ തുടർന്ന് മദ്യപാനത്തിനടിമപ്പെട്ട ജിം ഭാര്യ ബാർബറയുമായി കലഹം പതിവായിരുന്നു. ബാർബറ 2016ൽ മരണമടഞ്ഞു.