ayodhya

ഹൈദരാബാദ്: ശ്രീരാമന് സ്വർണ പാദുകങ്ങൾ സമർപ്പിക്കാൻ 8,000 കിലോമീറ്റർ കാൽനടയാത്ര നടത്തുന്നു. ഹൈദരാബാദിൽ നിന്നുള്ള 64 കാരനായ ചള്ള ശ്രീനിവാസ ശാസ്ത്രിയാണ് 1.2 കോടി രൂപ വിലമതിക്കുന്ന സ്വർണ പാദുകങ്ങളുമായി കാൽനടയാത്ര നടത്തുന്നത്. ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം കടുത്ത രാമഭക്തനാണ്. നേരത്തെ അഞ്ച് വെള്ളി ഇഷ്ടികകൾ രാമക്ഷേത്രത്തിനായി അദ്ദേഹം സംഭാവന നൽകിയിരുന്നു.

സ്വർണ പാദുകൾ ശിരസിൽ വഹിച്ചുകൊണ്ടാണ് യാത്ര. അയോദ്ധ്യയിൽ എത്തിയശേഷം പാദുകങ്ങൾ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൈമാറാണ് തീരുമാനിച്ചിരിക്കുന്നത്. "എന്റെ അച്ഛൻ അയോദ്ധ്യയിലെ കർസേവയിൽ പങ്കെടുത്തു. അദ്ദേഹം ഹനുമാന്റെ കടുത്ത ഭക്തനായിരുന്നു. അയോദ്ധ്യയിൽ രാമക്ഷേത്രം പണിയുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അദ്ദേഹം ഇല്ലാതായതിനാൽ ആഗ്രഹം നിറവേറ്റാൻ ഞാൻ തീരുമാനിച്ചു," ശാസ്ത്രി പറഞ്ഞു. ഒഡീഷയിലെ പുരി, മഹാരാഷ്ട്രയിലെ ത്രിംബക്, ഗുജറാത്തിലെ ദ്വാരക തുടങ്ങിയ പ്രധാന ക്ഷേത്രങ്ങളും പുണ്യസ്ഥലങ്ങള ും സന്ദർശിച്ച ശാസ്ത്രി പത്ത്ദിവസത്തിനുള്ളിൽ അയാേദ്ധ്യയിലെത്തിച്ചേരാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ അയാേദ്ധ്യയിൽ നിന്ന് 272 കിലോമീറ്റർ മാത്രം അകലെയാണ് അദ്ദേഹം. യാത്രയിൽ മറ്റ് അഞ്ചുപേരും ശാസ്ത്രിയെ അനുഗമിക്കുന്നുണ്ട്.

ശ്രീരാമാൻ ജനിച്ച പുണ്യസ്ഥലത്ത് ശേഷിക്കുന്ന കാലം ചെലവഴിക്കാനാണ് ശ്രീനിവാസ ശാസ്ത്രിയുടെ തീരുമാനം. അതിനായി അവിടെ ഒരു വീട് നിർമ്മിക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. ഭഗവാന്റെ അനുഗ്രഹത്താൽ അത് ഉടൻ പൂർത്താവും എന്നാണ് ശാസ്ത്രി പറയുന്നത്. അയോദ്ധ്യ ഭാഗ്യനഗർ സീതാരാമ ഫൗണ്ടേഷൻ എന്ന സംഘടനയുടെ സ്ഥാപകൻ കൂടിയാണ് ശാസ്ത്രി.

ജനുവരി 22 നാണ് രാമക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കുന്നത്. ഉദ്ഘാടനത്തിന് രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് 6000ൽപ്പരം ക്ഷണക്കത്തുകൾ അയച്ചു. അസാധാരണ ക്ഷണമെന്നാണ് കത്തിൽ പറയുന്നത്. രാംലല്ലയെ (ബാലരൂപത്തിലുള്ള രാമൻ) എല്ലാ മഹത്വത്തോടെയും ദർശിക്കാൻ ഭക്തരെ സ്വാഗതം ചെയ്യുന്നു. 495 വർഷത്തിന് ശേഷം നടക്കുന്ന, ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അപൂർവ്വ മുഹൂർത്തത്തിലേക്ക് സ്വാഗതം ചെയ്യുന്നു എന്നും കത്തിൽ പറയുന്നു.


പ്രാണപ്രതിഷ്ഠ സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്, ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് നൃത്യ ഗോപാൽ ദാസ് എന്നിവർ ശ്രീകോവിലിൽ സന്നിഹിതരായിരിക്കും.